പ്രധാനമന്ത്രിക്കായി പാക് വ്യോമപാതയ്ക്ക് അനുമതി തേടി ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താന്‍

യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2019-09-18 13:05 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വ്യോമപാത തുറന്നുനല്‍കാന്‍ ഇന്ത്യ പാകിസ്താനോട് അഭ്യര്‍ഥിച്ചതായി പാക് മാധ്യമങ്ങള്‍. യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, ഇന്ത്യയുടെ ആവശ്യത്തോട് പാക് ഭരണകൂടം പ്രതികരിച്ചിട്ടില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 21നാണ് യുഎന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക് പോവുന്നത്.നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിമാനത്തിന് ഇന്ത്യ പാക് വ്യോമപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ബാലകോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത പിന്നീടു തുറന്നെങ്കിലും കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ വീണ്ടും അടയ്ക്കുകയായിരുന്നു.

Tags:    

Similar News