അഞ്ജലിക്കും അനാമികക്കും അടച്ചുറപ്പുള്ളൊരു വീട് സ്വപ്നം മാത്രമായി അവശേഷിക്കുന്നു

മാള ഗ്രാമപഞ്ചായത്ത് 13 ാം വാര്‍ഡ് കുരുവിലശ്ശേരിയിലെ നാല് സെന്റ് കോളനിയിലെ മൂന്നര സെന്റിൽ തകർന്നുവീഴാറായ വീട്ടിലിരുന്ന് ഇവർ സങ്കടങ്ങൾ പങ്കുവെക്കാൻ തുടങ്ങിയിട്ട് വർഷങ്ങളൊരുപാടായി.

Update: 2022-06-07 15:05 GMT

മാള: അഞ്ജലിക്കും അനാമികക്കും സുരക്ഷിതമായ വീടൊരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. അമ്മേ എന്നാ കൂട്ടുകാരികളെ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റുക, അവരെയൊന്ന് ഇരുത്താൻ പറ്റുന്ന വീടെങ്കിലും നമുക്ക് ഉണ്ടായെങ്കിൽ മതിയായിരുന്നു എന്നാണ് അവരിരുവരും തങ്ങളുടെ മാതാവിനോട് ഇടക്കിടെ ചോദിക്കുന്നത്. ഇനി മഴക്കാലമായാൽ നമ്മൾക്ക് ഉറങ്ങാൻ കഴിയുമോ അമ്മേയെന്നും അവര്‍ ചോദിക്കുന്നു.

പതിമൂന്നുകാരിയായ അഞ്ജലി കൃഷ്ണയുടെയും പതിനൊന്നുകാരി അനാമികയുടെയും സങ്കടങ്ങളൊരുപാടുണ്ട്. എന്നാൽ അമ്മ സരിതയുടെ വേവലാതിയും പ്രാർത്ഥനയും മറ്റൊന്നാണ് കാറ്റും മഴയും വരല്ലേ ദൈവമേ മക്കൾ തനിച്ചാണ് വീട്ടിൽ. കാറ്റിന്റെയും മഴയുടെയും ലക്ഷണം കണ്ടാൽ സരിത കിഴക്കേ വീട്ടിലേക്ക് വിളിക്കും. മക്കളെ ഒപ്പം വീട്ടിൽ ഇരുത്താനായാണ് ആ വിളി.

മാള ഗ്രാമപഞ്ചായത്ത് 13 ാം വാര്‍ഡ് കുരുവിലശ്ശേരിയിലെ നാല് സെന്റ് കോളനിയിലെ മൂന്നര സെന്റിൽ തകർന്നുവീഴാറായ വീട്ടിലിരുന്ന് ഇവർ സങ്കടങ്ങൾ പങ്കുവെക്കാൻ തുടങ്ങിയിട്ട് വർഷങ്ങളൊരുപാടായി. ചെന്തുരുത്തി വീട്ടിൽ സുനിലിനും ഭാര്യ സരിതക്കും രണ്ട് പെൺമക്കൾക്കും മഴക്കാലമായാൽ ഉറക്കമില്ലാത്ത രാത്രികളാണ്. മഴ പെയ്യുമ്പോള്‍ തറയില്ലാത്ത ഒറ്റമുറി വീട്ടിനകത്തേക്ക് വെള്ളം ഒഴുകിയെത്തും. കാറ്റിലും മഴയിലും വീട് തകരുമോയെന്ന ഭയത്താൽ മഴക്കാലത്ത് ഉണർന്നിരുന്ന് നേരം വെളുപ്പിക്കുകയാണെന്ന് സരിത പറഞ്ഞു.

തെക്കൻ താണിശ്ശേരി സെന്‍റ് ആന്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഞ്ജലിയും ആറാം ക്ലാസിൽ പഠിക്കുന്ന അനാമികയും മഴക്കാലത്ത് പലപ്പോഴും രാത്രി ഉറങ്ങാതെയാണ് സ്കൂളിലെത്തുന്നത്. മേൽക്കൂരയില്‍ പാസ്റ്റിക് ഷീറ്റിട്ടാണ് മേല്‍ക്കൂരയില്‍ നിന്നുമുള്ള വെള്ളത്തെ തടയുന്നത്. വെയിലത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് തകരാറിലാകുന്നതിനനുസരിച്ച് സമയത്തിന് ഷീറ്റ് മാറ്റാന്‍ പോലും പലപ്പോഴുമാകുന്നില്ല.

ഓട്ടോറിക്ഷ ഓടിക്കുന്ന സുനിലും തൊഴിലുറപ്പ് തൊഴിലാളിയായ സരിതയും വിചാരിച്ചാൽ വീടെന്ന സ്വപ്നത്തിന് അടിത്തറയിടാൻ പോലുമാകില്ല. മക്കളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ 10,000 രൂപ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്തത് അടുത്തിടെയാണ് അടച്ചുതീർത്തത്. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായെന്നും ഇവര്‍ സങ്കടത്തോടെ പറയുന്നു.