പട്ടിണി, സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ തമിഴ്‌നാട്ടിലേക്ക്

ശ്രീലങ്കയിലെ തൊഴിലില്ലായ്മയും ഭക്ഷണ ദൗർലഭ്യവും മൂലം അഭയാർത്ഥികൾ പലായനം ചെയ്യുകയാണെന്ന് തമിഴ്‌നാട് പോലിസ്

Update: 2022-03-24 12:27 GMT

ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികൾ എത്തുന്നു. ചൊവ്വാഴ്ച, 16 ശ്രീലങ്കൻ സ്വദേശികൾ ജാഫ്‌ന, മാന്നാർ മേഖലകളിൽ നിന്ന് തമിഴ്‌നാട്ടിലെത്തി. രണ്ടു സംഘങ്ങളായാണ് ഇവർ എത്തിയത്. മൂന്ന് കുട്ടികളുൾപ്പെടെ ആറ് അഭയാർത്ഥികളടങ്ങിയ ആദ്യ സംഘം രാമേശ്വരത്തിന് അടുത്ത് ഒരു ദ്വീപിൽ കുടുങ്ങിയതോടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി തീരത്ത് എത്തിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് മറ്റൊരു പത്തംഗസംഘം എത്തിയത്.

ശ്രീലങ്കയിലെ തൊഴിലില്ലായ്മയും ഭക്ഷണ ദൗർലഭ്യവും മൂലം അഭയാർത്ഥികൾ പലായനം ചെയ്യുകയാണെന്ന് തമിഴ്‌നാട് പോലിസ് വൃത്തങ്ങൾ പറഞ്ഞു. ലങ്കയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിന്റെ തുടക്കം മാത്രമാകാം ഇതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടായിരത്തോളം അഭയാർഥികൾ വരും ആഴ്ചകളിൽ എത്താൻ സാധ്യതയുണ്ടെന്ന് തമിഴ്‌നാട്ടിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ എത്തിയ ആദ്യ സംഘത്തിൽ ഒരു ദമ്പതികളും അവരുടെ നാല് മാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തമിഴ്‌നാട് പോലിസ് അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു, ഗജേന്ദ്രൻ (24), ഭാര്യ മേരി ക്ലാരിൻ (22), മകൻ നിജാത്ത് (4 മാസം); ടിയോറി അനിസ്താൻ (28), മക്കളായ മോസസ് (6), എസ്തർ (9) എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞു.

മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും അടങ്ങുന്ന രണ്ടാമത്തെ സംഘത്തിന്റെ പേരുവിവരങ്ങൾ പരിശോധിച്ചുവരികയാണ്. ആഴ്ചകളോളം ഭക്ഷണത്തിനായി കഷ്ടപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് ആദ്യ സംഘത്തിലുള്ളവർ പോലിസിനോട് പറഞ്ഞു. ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ അരിച്ചാൽ മുനൈയിലെ നാലാമത്തെ ദ്വീപിൽ തങ്ങളെ ഇറക്കിയ മൽസ്യത്തൊഴിലാളികൾക്ക് 50,000 രൂപ നൽകിയതായി അവർ പറഞ്ഞു. ഭക്ഷ്യ ക്ഷാമം സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം നിരവധിപേർ ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു.

ഫൈബർ ബോട്ടിലാണ് രണ്ടാമത്തെ സംഘം എത്തിയത്. 21ന് രാത്രി മാന്നാർ തീരത്ത് നിന്ന് പുറപ്പെട്ട ഇവർ യാത്രയ്ക്കായി ആകെ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചതായി പറഞ്ഞു. യാത്രാമധ്യേ ബോട്ടിന് സാങ്കേതിക തകരാർ ഉണ്ടായി, ഒരു ദിവസം മുഴുവൻ അത് ശരിയാക്കാൻ ചെലവഴിച്ച ഇവർ രാത്രി ഒമ്പത് മണിയോടെയാണ് രാമേശ്വരത്തെ പാമ്പൻ പാലത്തിന് സമീപം എത്തിയത്" ഉദ്യോഗസ്ഥർ പറഞ്ഞു.

"എനിക്കറിയാവുന്ന പലരും ശ്രീലങ്ക വിടാൻ പദ്ധതിയിടുന്നുണ്ട്, ചിലർക്ക് ഇന്ത്യയിൽ ബന്ധുക്കളുണ്ട്, ചിലർക്ക് തമിഴ്‌നാട്ടിൽ അറിയുന്നവരുണ്ട്. എല്ലാവർക്കും നാളെയെക്കുറിച്ചുള്ള പരിഭ്രാന്തിയും ഉത്കണ്ഠയുമുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ അരിയുടെ വില കിലോയ്ക്ക് 500 (ശ്രീലങ്ക) രൂപയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇന്ന് ഒരു കിലോ അരിക്ക് 290 രൂപയും പഞ്ചസാര കിലോഗ്രാമിന് 290 രൂപയും 400 ഗ്രാം പാൽപ്പൊടിക്ക് 790 രൂപയുമാണ്," അദ്ദേഹം പറഞ്ഞു.

1989ലെ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് ഉണ്ടായത് പോലൊരു പലായന സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2009ൽ അത് അവസാനിച്ച ശേഷമാണ് ഇന്ത്യയിലേക്കുള്ള പലായനത്തിൽ കുറവുണ്ടായത്. പിന്നീട് ലങ്കയിലെ തമിഴർ ബോട്ടുകളിൽ ഇന്ത്യയിലേക്ക് വരുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് റിപോർട്ട് ചെയ്തിരുന്നത്.

തൊഴിലാളി വർഗം പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് രാഷ്ട്രീയ സംഘടനയായ ഈലം പീപ്പിൾസ് റവല്യൂഷണറി ലിബറേഷൻ ഫ്രണ്ട് (ഇപിആർഎൽഎഫ്) നേതാവ് സുരേഷ് പ്രേമചന്ദ്രൻ പറഞ്ഞു. "രാജ്യത്തുടനീളമുള്ള വിലക്കയറ്റം കാരണം നിർമ്മാണ തൊഴിലാളികളും ദിവസ വേതനക്കാരും ബുദ്ധിമുട്ടുകയാണ്. മുൻകാല പലായനം കണക്കിലെടുത്ത്, മാന്നാറിലെയും ജാഫ്നയിലെയും ആളുകൾ ഇന്ത്യയിലെത്താനുള്ള വഴികൾ തേടുന്നുണ്ടാകാം. അതൊരു തുടക്കമായിരിക്കാം. സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നില്ലെങ്കിൽ കൂടുതൽ ആളുകൾ രാജ്യം വിടാൻ സാധ്യതയുണ്ട്, "അദ്ദേഹം പറഞ്ഞു.