സുഹൃത്തിന്റെ കൊലക്കത്തയില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ധീരത കാട്ടിയ മലയാളി നഴ്‌സിന് പുരസ്‌കാരം

കര്‍ണാടക സംസ്ഥാനതല ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് മംഗളൂരു ദെര്‍ളഗട്ടെ കെഎസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫന്‍ അര്‍ഹയായി.

Update: 2019-07-26 01:23 GMT

മംഗളൂരു: സുഹൃത്തിന്റെ കത്തിക്കുത്തേറ്റ് റോഡില്‍ കിടന്ന വിദ്യാര്‍ഥിനിയെ ധീരമായ ഇടപെടലിലൂടെ രക്ഷിച്ച മലയാളി നഴ്‌സിന് അംഗീകാരം. കര്‍ണാടക സംസ്ഥാനതല ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് മംഗളൂരു ദെര്‍ളഗട്ടെ കെഎസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫന്‍ അര്‍ഹയായി. ശനിയാഴ്ച ബംഗളൂരുവില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും.

ജൂണ്‍ 28ന് കാര്‍ക്കള നിട്ടെ കോളജ് എംബിഎ വിദ്യാര്‍ഥിനിയെ ദര്‍ളഗട്ടെയില്‍ സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സ്വകാര്യ കോളജില്‍ പഠിക്കുന്ന ദര്‍ളഗട്ടെ ബാഗംബില സ്വദേശിനി ദീക്ഷ(20)യെയാണ് ശക്തി നഗര്‍ രാമ ശക്തി മിഷന്‍ സ്വദേശി സുശാന്ത്(28) ആക്രമിച്ചത്. കോളജില്‍ നിന്ന് മടങ്ങവേ ബസ് സ്റ്റാന്റില്‍ ഇറങ്ങി വീട്ടിലേക്കു നടക്കുകയായിരുന്ന ദീക്ഷയെ പിന്നില്‍ സ്‌കൂട്ടറിലെത്തിയ സുശാന്ത് കുത്തിവീഴ്ത്തുകയായിരുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. അക്രമാസക്തനായി നിന്ന യുവാവിന്റെ അടുത്തേക്ക് പോവരുതെന്ന് നാട്ടുകാര്‍ ഉപദേശിച്ചെങ്കിലും നിമ്മി സ്വന്തം ജീവന്‍ അവഗണിച്ച് ഇടപെടുകയായിരുന്നു. നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Tags: