പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Update: 2020-03-15 11:40 GMT

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സമഗ്രാന്വേഷണം വേണമെന്നും വിശ്വാസയോഗ്യമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ പോലിസ് അന്വേഷണം തൃപ്തികരമാവില്ല. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആണ് വേണ്ടതെന്നും എംഎല്‍എമാരായ പി ടി തോമസ്, വി ഡി സതീശന്‍, ടി ജെ വിനോദ്, ഹൈബി ഈഡന്‍ എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഏപ്രില്‍ ആദ്യവാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് വളയല്‍ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് കൂടിയായ ടി ജെ വിനോദ് പറഞ്ഞു. കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മാനിച്ചാണ് മാര്‍ച്ച് 31 വരെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പാര്‍ട്ടി നീങ്ങാത്തത്. ഇതിനെ മറയാക്കി കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല.

    335ലേറെ തെറ്റായ അക്കൗണ്ടുകളിലേക്ക് അയച്ച 81.5 കോടി രൂപ തിരിച്ചുവരികയും ഈ തുകയിലാണ് വന്‍ തിരിമറികള്‍ നടന്നതെന്നും പി ടി തോമസ് പറഞ്ഞു. ദേനാ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അയ്യനാട് സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറകടര്‍മാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ പ്രതിയായ മറ്റൊരു ഡയറക്ടര്‍ ഇപ്പോഴും ഒളിവിലാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് സമിതി പിരിച്ചുവിട്ട് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം വേണം. പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അന്വേഷണം നേരിടുന്ന സിപിഎം നേതാവ് നിഷാദിന്റെ പങ്കാളിത്തവും അന്വേഷിക്കണം. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസയ്‌നെതിരേ ആരോപണമുയര്‍ന്നിട്ടും ഇയാള്‍ക്കെതിരെ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. സാധാരണ നടക്കാറുള്ള പാര്‍ട്ടി അന്വേഷണവുമില്ല. സിപിഎം നേതൃത്വത്തിന് ഇതേകുറിച്ച് മിണ്ടാട്ടവുമില്ല. ജില്ലയില്‍ നടന്നതിന് സമാനമായി മറ്റു ജില്ലകളിലും പ്രളയ ഫണ്ട് തട്ടിപ്പ് നടന്നിട്ടുണ്ടാവുമെന്നും പി ടി തോമസ് ആരോപിച്ചു.

    തട്ടിപ്പുമായി ബന്ധപ്പെട്ട് 1.20 ലക്ഷം അക്കൗണ്ടുകള്‍ എങ്ങനെ െ്രെകംബ്രാഞ്ച് പരിശോധിക്കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ ചോദിച്ചു. അതിനുള്ള സൗകര്യം ക്രൈംബ്രാഞ്ചിനില്ല. 2019 ജനുവരി മുതല്‍ ഒരു വര്‍ഷത്തോളമായി നിരന്തരം നടന്ന തട്ടിപ്പാണിത്. ധാരാളം അക്കൗണ്ടുകളിലേക്ക് തട്ടിപ്പിന്റെ പണമെത്തി. വിവിധ മണ്ഡലങ്ങളില്‍ ഒരു വീട്ടിലെ തന്നെ മൂന്നു കുടുംബാംഗങ്ങള്‍ക്ക്് വരെ തുക ലഭിച്ചിട്ടുണ്ട്. അര്‍ഹതപ്പെട്ട പലരും ഇപ്പോഴും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നടക്കുമ്പോഴാണിത്. കേസില്‍ പ്രതിയായ കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദിനെ പ്രളയബാധിതരായ അപേക്ഷകരോടുള്ള മോശം പെരുമാറ്റം കാരണം മാറ്റിനിര്‍ത്തണമെന്ന് നേരത്തെ തന്നെ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇയാളെ മാറ്റാനുള്ള കളക്ടറുടെ തീരുമാനത്തെ വിലക്കാന്‍ പോലും സിപിഎം നേതൃത്വത്തിന് കഴിഞ്ഞുവെന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. വിഷ്ണുപ്രസാദിനെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ സിപിഎം ശ്രമിച്ചത്. വിഷ്ണുപ്രസാദിനെതിരെ ജില്ലാ കളക്ടര്‍ ആദ്യം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇത്രയും കാല താമസമുണ്ടായതെന്തിനാണെന്ന് വ്യക്തമാക്കണം. ഒരു ക്ലാര്‍ക്ക് മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ല. മേലുദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇതേ കുറിച്ചും ഗൗരവമായ അന്വേഷണം വേണം. പ്രളയ ഫണ്ടില്‍ കൃത്യമായ ഓഡിറ്റിങും സോഷ്യല്‍ ഓഡിറ്റിങും വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.




Tags:    

Similar News