ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. കഴിഞ്ഞ 16 ദിവസമായി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് 256 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി.
ഡിസംബര്‍ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളുടെ വരവ് കണക്കാക്കിയ സമയവും ആഭ്യന്തര വിമാനങ്ങള്‍ ബന്ധിപ്പിക്കുന്ന സമയവും തമ്മില്‍ കുറഞ്ഞത് 10 മണിക്കൂര്‍ ഇടവേള നിലനിര്‍ത്താനും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 23 വരെ ആഴ്ചയില്‍ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.