അംറോഹ: ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ഉള്ളി വിലയെ ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. അഞ്ചു സ്ത്രീകള്‍ക്കു പരിക്ക്. ബുധനാഴ്ച രാവിലെയാണു സംഭവം. കാല്കേരി വില്ലേജിലെ നേഹ എന്ന സ്ത്രീ കച്ചവടക്കാരനുമായി ഉള്ളിയുടെ വിലയെ ചൊല്ലി വാഗ്വാദം നടക്കുകയായിരുന്നു. ഈ സമയം അയല്‍വാസിയായ ദീപ്തി ഇടപെടുകയും നേഹയ്ക്ക് ഉള്ളി കൊടുക്കേണ്ടെന്നും നിങ്ങള്‍ സമയം പാഴാക്കുകയാണെന്നും പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് രണ്ടുപേരുടെയും കുടുംബത്തിലെ സ്ത്രീകളും അടിപിടിയില്‍ പങ്കാളികളായി. നേഹയ്ക്കും ദീപ്തിക്കും ഇരുകുടുംബങ്ങളിലെയും മറ്റു മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. പോലിസെത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഘട്ടനം നടത്തിയതിനു ആറുപേര്‍ക്കെതിരേ കേസെടുത്ത പോലിസ് പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതികള്‍ക്ക് പിറ്റേന്ന് തന്നെ ജാമ്യം ലഭിച്ചു. കുറച്ചു ദിവസങ്ങളിലായി ഉള്ളി വിലയിലുണ്ടായ വര്‍ധനവ് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.