എഴുത്തുകാരന്‍ അവിജിത് റോയിയുടെ വധം: അഞ്ചു പേരെ വധശിക്ഷയ്ക്കു വിധിച്ച് ബംഗ്ലാദേശ് കോടതി

രാജ്യ തലസ്ഥാനത്തെ ധക്ക യൂണിവേഴ്‌സിറ്റി കാംപസില്‍ നടന്ന രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കാന്‍ ഭാര്യ റാഫിദ അഹമ്മദ് ബോന്യയ്‌ക്കൊപ്പം പോകുമ്പോഴാണ് അവിജിത് റോയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ റാഫിദയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Update: 2021-02-19 06:33 GMT

ധക്ക: ബംഗ്ലാ-യുഎസ് എഴുത്തുകാരനും ബ്ലോഗറുമായ അവിജിത് റോയിയെ കൊലപ്പെടുത്തിയ കേസില്‍ നിരോധിത സംഘടനയിലെ അഞ്ച് അംഗങ്ങള്‍ക്ക് വധശിക്ഷയും മറ്റൊരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ച് ബംഗ്ലാദേശ് കോടതി. 2015 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം.

രാജ്യ തലസ്ഥാനത്തെ ധക്ക യൂണിവേഴ്‌സിറ്റി കാംപസില്‍ നടന്ന രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കാന്‍ ഭാര്യ റാഫിദ അഹമ്മദ് ബോന്യയ്‌ക്കൊപ്പം പോകുമ്പോഴാണ് അവിജിത് റോയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ റാഫിദയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ധക്കയിലെ തീവ്രവാദ വിരുദ്ധ പ്രത്യേക ട്രൈബ്യൂണല്‍ ജഡ്ജി എം ഡി മജിബുര്‍ റഹ്മാനാണ് പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഓരോ പ്രതികള്‍ക്കും 50,000 ബംഗ്ലാദേശ് ടക (590 ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ട്. വധശിക്ഷ ലഭിച്ച പ്രതികളില്‍ ഒരാള്‍ പുറത്താക്കപ്പെട്ട സൈനിക മേജറാണ്. രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. 2019 ഓഗസ്റ്റിലാണ് പ്രതികള്‍ക്കെതിരായ കുറ്റം ചുമത്തിയത്.

അവിജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളുടെ പങ്കാളിത്തം പ്രോസിക്യൂഷന്‍ വിജയകരമായി തെളിയിച്ചതായി വിധിന്യായത്തിന് ശേഷം ധക്ക പബ്ലിക് പ്രോസിക്യൂട്ടര്‍ എംഡി അബ്ദുല്ല അബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വിധിന്യായത്തില്‍ തൃപ്തരല്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.

Similar News