മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കടലില്‍ പോയവരോട് ഉടന്‍ തിരിച്ചെത്താന്‍ നിര്‍ദേശം

Update: 2021-10-29 02:30 GMT

തിരുവനന്തപുരം: ശക്തമായ മഴയും ഉയര്‍ന്ന തിരമാലകളാല്‍ പ്രക്ഷുബ്ദമായ കടല്‍ അന്തരീക്ഷവുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നിലവില്‍ കടലില്‍ പോയവര്‍ ഉടന്‍ കരയില്‍ തിരിച്ചെത്തണം. രാത്രി തന്നെ ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ തീരദേശ പോലിസ് സ്‌റ്റേഷനുകളിലേക്കും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനും കൈമാറിയിട്ടുണ്ട്. തീരദേശ വാസികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. തീരമേഖലകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.

നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാല്‍ ന്യൂനമര്‍ദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാന്‍ കാരണമാകും.

Tags:    

Similar News