ഡല്‍ഹി-ഡെറാഡൂണ്‍ പാതയില്‍ മുസ് ലിംകള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ഹിന്ദുത്വര്‍ക്കെതിരേ കേസെടുത്തു (വീഡിയോ)
ലഖ്നൗ: ഡല്‍ഹി- ഡെറാഡൂണ്‍ പാതയില്‍ മുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരിലെ എക്സ്പ്രസ് പാതയുടെ വശങ്ങളില്‍ ഇന്നലെ രാത്രി 11 മണിക്കാണ് സന്ദേശം എഴുതിയത്. സഹാറാന്‍പൂര്‍ ജില്ലയിലെ ബിഹാറിഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ അതുവഴി കടന്നുപോയ യാത്രക്കാരാണ് ചുമരെഴുത്ത് കാണുന്നത്. ഉടന്‍ പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ദേശീയപാത അതോറിറ്റി ജീവനക്കാരന്‍ സുനില്‍കുമാറാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. പ്രവര്‍ത്തകര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് ചുമരില്‍ എഴുതുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നാലെയാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിന്ദു രക്ഷാദള്‍ സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മ രംഗത്തെത്തി. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സഹാറാന്‍പൂരിലെ മറ്റൊരിടത്ത് നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും ലളിത് പ്രതികരിച്ചു.
അതേസമയം, ഹിന്ദുക്കള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് മുസ് ലിംകള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയും രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങളും പ്രചാരണവും വര്‍ധിച്ചിരിക്കുകയാണ്. ബംഗ്ലാദേശികളെന്ന് ആരോപിച്ച് മുസ് ലിംകളെ തെരുവില്‍ മര്‍ദിക്കുന്ന സംഭവങ്ങളും അരങ്ങേറി.
