സാമ്പത്തിക തട്ടിപ്പ്: സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

Update: 2021-05-07 04:15 GMT

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ആലപ്പുഴ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. സിനിമ നിര്‍മിക്കാനെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ശ്രീവല്‍സം ഗ്രൂപ്പിന്റെ പരാതിയിലാണ് നടപടി. ഒരു കോടി രൂപ ശ്രീകുമാര്‍ മേനോന്‍ വാങ്ങിയെങ്കിലും ഇതു സംബന്ധിച്ച് ഒരു വിവരവും പിന്നീട് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായി വിവരം നല്‍കാതായതോടെയാണ് ശ്രീവല്‍സം ഗ്രൂപ്പ് പോലിസിനെ സമീപിച്ചത്. കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്ത ശ്രീകുമാര്‍ മേനോനെ ആലപ്പുഴ സൗത്ത് പോലിസ് സ്റ്റേഷനില്‍ പോലിസ് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ ഡിവൈഎസ്പി പൃത്ഥ്വിരാജാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

    മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോനെതിരേ നേരത്തെയും നിരവവധി പരാതികളുയര്‍ന്നിരുന്നു. 'രണ്ടാമൂഴം' എന്ന തന്റെ നോവല്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയില്‍ 2019 ഡിസംബര്‍ 5ന് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു.

Financial fraud: Film director Sreekumar Menon arrested

Tags:    

Similar News