സാമ്പത്തിക പ്രതിസന്ധി; 'ചന്ദ്രിക' ആഴ്ച്ചപതിപ്പും 'മഹിളാ ചന്ദ്രിക'യും പ്രസിദ്ധീകരണം നിര്‍ത്തുന്നു

Update: 2022-06-08 17:55 GMT

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 'ചന്ദ്രിക' ആഴ്ച്ചപതിപ്പും 'മഹിളാ ചന്ദ്രിക'യും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. ജൂണ്‍ ആറിനാണ് ഇതുസംബന്ധിച്ച നോട്ടിസ് ചന്ദ്രിക മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് കൈമാറിയത്. 'ചന്ദ്രിക' ദിനപത്രം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതും ദിനപത്രം കൃത്യമായി വായനക്കാര്‍ക്ക് എത്തിക്കുന്നതിന്റെ ക്രമീകരണത്തിന്റെ ഭാഗമായാണ് ആഴ്ച്ചപതിപ്പും 'മഹിളാ ചന്ദ്രിക'യും നിര്‍ത്തുന്നതെന്നും ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.


'ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാര്‍ക്ക് ചന്ദ്രിക ദിനപത്രം നിത്യമായും കൃത്യമായും ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുസ് ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജ്‌മെന്റ് പ്രതിജ്ഞാബന്ധമാണ്. അതേസമയം, വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറിക്കുന്നതിനാവശ്യമായ ചെലവു ചുരുക്കല്‍ പദ്ധതികളും നടപ്പില്‍ വരുത്തുകയാണ്. ഇതിന്റെ ഭാഗമായി ചന്ദ്രികയും കോഴിക്കോട് ഓഫിസില്‍ പ്രവര്‍ത്തിച്ചുവരുന്ന പിരിയോഡിക്കല്‍സ് വിഭാഗം താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്യുന്നതിന് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നു. 01-07-2022 മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാവുന്നതുവരെ ഡിജിറ്റലായ പ്രിന്റായോ ചന്ദ്രിക വീക്കിലി, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല' ഡയറക്ടര്‍ ബോര്‍ഡിന് വേണ്ടി പി എം എ സമീര്‍ ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചന്ദ്രിക ദിനപത്രത്തില്‍ വരുത്തിയ ചെലവ് ചുരുക്കല്‍ നടപടികള്‍ ആഴ്ച്ചപതിപ്പിലും മഹിളാ ചന്ദ്രികയിലും സ്വീകരിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. അതിന്റെ ഭാഗമായി 'എക്‌സിറ്റ് സ്‌കീം' ജീവനക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നോട്ടിസില്‍ അറിയിച്ചു. 'പീരിയോഡിക്കല്‍സ് അടക്കമുള്ള ഏതു വിഭാഗത്തില്‍പ്പെട്ട സ്ഥിര, പ്രൊബേഷന്‍ ജീവനക്കാര്‍ക്കു വേണ്ടി മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുള്ള 'എക്‌സിറ്റ് സ്‌കീം-2022' ജീവനക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ താല്‍പര്യപ്പെടുന്നു'. നോട്ടിസില്‍ അറിയിച്ചു.

Tags:    

Similar News