കുനാലിനെ വിലക്കിയ എയര്‍ലൈനുകളില്‍ ഇനി യാത്ര ചെയ്യില്ല, പിന്തുണയുമായി അനുരാഗ് കശ്യപ്

'ഇത് സര്‍ക്കാരിന്റെ ഭീഷണിയും അഹങ്കാരവുമാണ്. അതുകൊണ്ട് കുനാലിനെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് വരെ ഈ നാല് എയര്‍ലൈനുകളിലും ഞാനും യാത്ര ചെയ്യില്ല'. അനുരാഗ് കശ്യപ് വ്യക്തമാക്കി.

Update: 2020-02-05 05:45 GMT
ന്യൂഡല്‍ഹി: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നാല് എയര്‍ലൈനുകളില്‍ യാത്ര ചെയ്യില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. കുനാല്‍ കംറയെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് വരെ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ അടക്കമുളള നാല് എയര്‍ലൈനുകളിലും യാത്ര ചെയ്യില്ലെന്നാണ് അനുരാഗ് കശ്യപ് വ്യക്തമാക്കിയത്.

കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്ത ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോയ്ക്ക് പകരം വിസ്താരയിലാണ് അദ്ദേഹം യാത്ര ചെയ്തത്. ഇന്‍ഡിഗോയ്ക്കു പുറമെ എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലും യാത്ര ചെയ്യില്ലെന്നാണ് അനുരാഗ് കശ്യപിന്റെ നിലപാട്.

കുനാലിനെ എയര്‍ ഇന്ത്യയില്‍ കയറ്റില്ലെന്നും മറ്റ് എയര്‍ലൈനുകള്‍ കുനാലിനെ വിലക്കണമെന്നും ഒരു മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിനോട് അടുപ്പമുളള വിമാനക്കമ്പനികള്‍ ഇത് അനുസരിക്കുന്നു. സര്‍ക്കാര്‍ ഭീഷണി മുഴക്കുകയും മറ്റുളളവര്‍ അത് അനുസരിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ച് നോക്കു? വിശദീകരണമില്ലാതെ, അന്വേഷണം നടത്താതെയാണ് കുനാലിനെ വിലക്കിയത്. പൈലറ്റുമാരോട് പോലും കാര്യങ്ങള്‍ തിരക്കിയില്ല. ഇത് സര്‍ക്കാരിന്റെ ഭീഷണിയും അഹങ്കാരവുമാണ്. അതുകൊണ്ട് കുനാലിനെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് വരെ ഈ നാല് എയര്‍ലൈനുകളിലും ഞാനും യാത്ര ചെയ്യില്ല.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന് ആരോപിച്ചാണ് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് കുനാലിന് യാത്രാവിലക്കേര്‍പ്പെടുത്തിയത്. യാത്രാവിലക്ക് ഏര്‍പ്പെടുത്താത്ത വിസ്താരയ്ക്ക് നേരത്തെ കുനാല്‍ നന്ദി അറിയിച്ചിരുന്നു. വിസ്താരയിലാണ് അനുരാഗ് കശ്യപും ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരേ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുനാല്‍ കര്‍മ നോട്ടിസ് അയച്ചിട്ടുണ്ട്. കമ്പനി നിരുപാധികമായി ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കംറ നോട്ടീസ് അയച്ചിരിക്കുന്നത്. ആറു മാസത്തെ വിലക്കാണ് കംറയ്ക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താന്‍ അനുഭവിക്കുന്ന 'മാനസിക വേദനയ്ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ്' 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും പത്രദൃശ്യമാധ്യമങ്ങളിലൂടെയും തന്നോട് മാപ്പ് പറയണമെന്നും കമ്ര നോട്ടിസില്‍ ആവശ്യപ്പെട്ടു.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ കംറ ചോദ്യം ചെയ്ത്. കുനാല്‍ കംറ പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കംറ ചോദിച്ചത്. കൂടാതെ അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു കംറയുടെ പരിഹാസം.


Tags: