അനന്തപുരി ഹിന്ദു മഹാ സമ്മേളന ഭാരവാഹികള്‍ക്കെതിരേ കേസെടുക്കുക: എസ്‌ഐഒ

പരിപാടിയില്‍ ഉടനീളം മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കണമെന്നും മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തണമെന്നുമുള്ള ഉദ്ദേശ്യേത്തോടും കരുതലോടും കൂടിയുള്ള പ്രസംഗങ്ങളും സംസാരങ്ങളുമാണ് നടന്നിട്ടുള്ളത്.

Update: 2022-06-08 16:02 GMT

തിരുവനന്തപുരം: പി സി ജോര്‍ജ് അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ കൊണ്ട് വിവാദത്തിലായ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കണമെന്ന് എസ്‌ഐഒ സംസ്ഥാന സമിതി. നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ എസ്‌ഐഒ പരാതി നല്‍കി. മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണം നടത്തിയ ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകര്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ മേയ് ഒന്നുവരെയാണ് തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ അനന്തപുരി ഹിന്ദു മഹാസമ്മേളനം നടന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ബോളിവുഡ് ചിത്രം 'ദ കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി അടക്കം ദേശീയ, സംസ്ഥാന തലങ്ങളിലെ സംഘപരിവാര്‍ അനുഭാവമുള്ള പ്രമുഖരാണ് ചടങ്ങില്‍ സംബന്ധിച്ചത്.

ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ കീഴില്‍ കുമ്മനം രാജശേഖരന്‍ രക്ഷാധികാരിയായും ഗോകുല്‍ യുവരാജ് ജനറല്‍ കണ്‍വീനറായും വേണുഗോപാല്‍, ജയ പിള്ള, ജയശ്രീ, സരിന്‍ ശിവന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും രൂപീകരിച്ച സംഘാടക സമിതിയാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ പറഞ്ഞു.

പരിപാടിയില്‍ ഉടനീളം മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കണമെന്നും മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തണമെന്നുമുള്ള ഉദ്ദേശ്യേത്തോടും കരുതലോടും കൂടിയുള്ള പ്രസംഗങ്ങളും സംസാരങ്ങളുമാണ് നടന്നിട്ടുള്ളത്. ഇതിന് പിന്നിലെ ഗൂഡാലോചന അടക്കം അന്വേഷിച്ച് പരിപാടിയുടെ സംഘാടകര്‍ക്കെതിരേ കോസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പി സി ജോര്‍ജ് മുസ്‌ലിം സമൂഹത്തിനെതിരേ നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് സമ്മേളനം വാര്‍ത്തകളില്‍ നിറയുന്നത്. സമ്മേളനത്തിലെ മിക്ക സെഷനുകളിലും പ്രസംഗിച്ചവര്‍ വിദ്വേഷ പരാമര്‍ശങ്ങളും പ്രചാരണങ്ങളും നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ഭീകരവാദ സംഘടനകളുടെ പിതാവായി ഒരു സെഷനില്‍ സംസാരിച്ച മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു.

അതേസമയം, വിവാദ വിദ്വേഷ പ്രസംഗത്തില്‍ നടത്തിയ ആരോപണങ്ങളൊന്നും നേരിട്ട് അറിവുള്ളവയല്ലെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങളാണ് പ്രസംഗിച്ചതെന്നും ഇതില്‍ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഗൂഢാലോചനയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.