റഷ്യയില്‍ വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്‌സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു.

Update: 2021-10-10 10:23 GMT

മോസ്‌കോ: റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ ടാറ്റര്‍സ്ഥാന്‍ മേഖലയിലാണ് പ്രാദേശിക സമയം രാവിലെ 9:23 ന് അപകടമുണ്ടായത്. ഹ്രസ്വദൂര ഗതാഗതത്തിനുള്ള ഇരട്ട എന്‍ജിന്‍ വിമാനമായ ലെറ്റ് എല്‍ 410 ടര്‍ബോലെറ്റ് ആണ് അപകടത്തില്‍പ്പെട്ടത്. ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്‌സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.


 നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു. അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോയില്‍ ഇത് കാണാം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ ആകെ 22 പേരാണുണ്ടായിരുന്നത്. അവരില്‍ ഭൂരിഭാഗവും സ്‌കൈ ഡൈവര്‍മാരും പാരച്യൂട്ട് ജംപറുകളുമായിരുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ നിലത്തേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അവശിഷ്ടങ്ങളില്‍നിന്നാണ് ഏഴ് പേരെ രക്ഷപ്പെടുത്തിയത്.

സമീപ വര്‍ഷങ്ങളില്‍ റഷ്യന്‍ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. കഴിഞ്ഞ മാസം പഴക്കം ചെന്ന അന്റോനോവ് ആന്‍ 26 ട്രാന്‍സ്‌പോര്‍ട്ട് വിമാനം റഷ്യന്‍ വിദൂര കിഴക്കന്‍ ഭാഗത്ത് തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചിരുന്നു. അന്റോനോവ് ആന്‍ 26 ഇരട്ട എന്‍ജിന്‍ ടര്‍ബോപ്രോപ്പിലുണ്ടായിരുന്ന 28 പേരും ജൂലൈയില്‍ കംചത്കയിലുണ്ടായ അപകടത്തിലും മരിച്ചു.

Tags: