കല്ലെറിഞ്ഞു കൊല്ലണമെന്ന് ബുദ്ധസന്യാസി; ഭയചകിതരായി ശ്രീലങ്കന്‍ മുസ്‌ലിംകള്‍

ഒരു മുസ്‌ലിം ഡോക്ടര്‍ ആയിരക്കണക്കിന് ബുദ്ധ സ്ത്രീകളെ വന്ധ്യംകരണം നടത്തി എന്നാരോപിച്ചാണ് ബുദ്ധ സന്യാസിയായ വാറഗഹോഡ ശ്രീ ജ്ഞാനരത്‌ന തെറോ ആക്രമണത്തിന് പ്രചോദനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ചത്.

Update: 2019-06-23 03:14 GMT

കൊളംബോ: മുസ്‌ലിംകളെ ആക്രമിക്കാനുള്ള ബുദ്ധസന്യാസിയുടെ ആഹ്വാനം ശ്രീലങ്കയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വീണ്ടും ഭീതി പടര്‍ത്തുന്നു. ഒരു മുസ്‌ലിം ഡോക്ടര്‍ ആയിരക്കണക്കിന് ബുദ്ധ സ്ത്രീകളെ വന്ധ്യംകരണം നടത്തി എന്നാരോപിച്ചാണ് ബുദ്ധ സന്യാസിയായ വാറഗഹോഡ ശ്രീ ജ്ഞാനരത്‌ന തെറോ ആക്രമണത്തിന് പ്രചോദനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ചത്.

ഈയിടെ ബുദ്ധന്മാര്‍ മുസ്‌ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. അതിന് പിന്നാലെയുണ്ടായ ഈ ആഹ്വാനം പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പൊതുപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുസ്‌ലിംകള്‍ക്കു നേരെ പ്രതികാര നടപടികള്‍ ആരംഭിച്ചത്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ശ്രീലങ്ക സംഘര്‍ഷത്തിന്റെ പിടിയില്‍ നിന്ന് പതുക്കെ കരയറുന്നതിനിടയിലാണ് കുരുനെഗാലയില്‍ മുസ്‌ലിം ഡോക്ടര്‍ 4000ഓളം ബുദ്ധ സ്ത്രീകളെ വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന തെളിവില്ലാത്ത ആരോപണവുമായി ജ്ഞാനരത്‌ന രംഗത്തെത്തിയത്. ഈ ഡോക്ടറെ പോലുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ചില സ്ത്രീ ഭക്തകള്‍ പറയുന്നത്. ഞാനത് പറയുന്നില്ല. എന്നാല്‍, അതാണ് ശരിക്കും ചെയ്യേണ്ടത്-ദേശീയ ടെലിവിഷന്‍ ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ ജ്ഞാന രത്‌ന പറഞ്ഞു. ശ്രീലങ്കയിലെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ അസ്ഗിരിയ ചാപ്റ്ററിന്റെ മേധാവിയാണ് ഈ സന്യാസി. മുസ്‌ലിം ഉടമസ്ഥതയിലുള്ള റസ്റ്റൊറന്റുകള്‍ ബഹിഷ്‌കരിക്കണമെന്ന് ജ്ഞാനരത്‌ന ആഹ്വാനം ചെയ്തു. മുസ്‌ലിം റസ്‌റ്റൊറന്റുകള്‍ ബുദ്ധന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വന്ധ്യംകരണ ഗുളികകള്‍ ചേര്‍ക്കുന്നുവെന്ന അടിസ്ഥാന രഹിത ആരോപണത്തെ പിന്തുണക്കുന്നതാണ് സന്യാസിയുടെ പ്രസ്താവന.

മുസ്‌ലിം കടകളില്‍ നിന്ന് ഭക്ഷിക്കരുത്. ഈ ഷോപ്പുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭാവിയില്‍ കുട്ടികളുണ്ടാവില്ല- കാന്‍ഡിയില്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ജ്ഞാന രത്‌ന പറഞ്ഞു. സമാനമായ ഊഹാപോഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടന്നത്. ഭൂരിഭാഗവും ചിന്തിക്കുന്ന കാര്യം മാത്രമാണ് താന്‍ പറഞ്ഞതെന്ന് പിന്നീട് ജ്ഞാന രത്‌ന ഇതിനെ ന്യായീകരിച്ചു.

ശ്രീലങ്കയിലെ 21 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമതക്കാരാണ്. 10 ശതമാനമാണ് മുസ്‌ലിം ജനസംഖ്യം.

അതേ സമയം, ബുദ്ധസന്യാസിയുടെ പ്രസ്താവന വിദ്വേഷപ്രസംഗമാണെന്ന് ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിച്ചു. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയോട് അവര്‍ ആവശ്യപ്പെട്ടു. ജ്ഞാന രത്‌ന അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും പുതുതലമുറയില്‍പ്പെട്ട ബുദ്ധന്മാര്‍ ഇത് ഗൗരവത്തിലെടുത്താല്‍ മുസ്‌ലിംകള്‍ വലിയ പ്രശ്‌നത്തിലകപ്പെടുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ശറീന്‍ അബ്ദുല്‍ സറൂര്‍ പറഞ്ഞു.  

Tags:    

Similar News