ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികില്‍സയിലിരിക്കെയാണ് മരണം

Update: 2022-08-31 07:05 GMT

കൊളംബോ:ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന്‍ അന്തരിച്ചു.ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറുമായിരുന്നു. ശ്രീലങ്കയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 79 വയസായിരുന്നു.

സ്വകാര്യസന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണ് ഫൗസിയ ഹസന്‍ ശ്രീലങ്കയിലെത്തിയത്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു.ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലി സ്വദേശിയായ മറിയം റഷീദ ആയിരുന്നു.

1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക്ക് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ല്‍ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഒഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags: