ബിജെപി നേതാവുമായി വിവാഹേതരബന്ധം, ലഹരിക്ക് അടിമ; യുവമോര്‍ച്ച നേതാവിനെ കുടുക്കിയത് സ്വന്തം പിതാവ്
വിവാഹിതനായ ബിജെപി നേതാവ് പ്രോബിര്‍ കുമാറുമായി മകള്‍ക്ക് ബന്ധമുണ്ടെന്നും പ്രോബിറാണ് മകള്‍ക്ക് ലഹരിമരുന്ന് നല്‍കി അടിമയാക്കിയതെന്നും പോലിസിനോട് പിതാവ് പറഞ്ഞതായി ഔട്ട്‌ലുക്ക് റിപോര്‍ട്ട് ചെയ്യുന്നു.
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അറസ്റ്റിലായ യുവമോര്‍ച്ച പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി പമേല ഗോസാമിയെ കുടുക്കിയത് സ്വന്തം പിതാവിന്റെ പരാതിയെന്ന് റിപോര്‍ട്ട്. പമേല ലഹരി മരുന്നിന് അടിമയാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് പിതാവ് കൊല്‍ക്കത്ത പോലിസിനെ സമീപിച്ചത്.
വിവാഹിതനായ ബിജെപി നേതാവ് പ്രോബിര്‍ കുമാറുമായി മകള്‍ക്ക് ബന്ധമുണ്ടെന്നും പ്രോബിറാണ് മകള്‍ക്ക് ലഹരിമരുന്ന് നല്‍കി അടിമയാക്കിയതെന്നും പോലിസിനോട് പിതാവ് പറഞ്ഞതായി ഔട്ട്‌ലുക്ക് റിപോര്‍ട്ട് ചെയ്യുന്നു. ലഹരിമരുന്ന് സ്ഥിരമായി നല്‍കി പ്രോബിര്‍, പമേലയെ തന്റെ വലയത്തില്‍ തളച്ചിടുകയായിരുന്നു. മാഫിയ സംഘത്തില്‍ നിന്നും പ്രോബിറുമായുള്ള ബന്ധത്തില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയാണ് പമേലയ്‌ക്കെതിരേ പിതാവ് രംഗത്ത് വന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഔട്ട്‌ലുക്ക് റിപോര്‍ട്ട് ചെയ്യുന്നു.
പിതാവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തെ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ബിജെപി നേതാവ് കൂടിയായ പ്രോബിറിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തിലെ കോളജുകള്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്നതെന്നും പോലിസ് പറഞ്ഞു. ഇന്നലെയാണ് പമേല ഗോസാമിയെയും പ്രോബിറിനെയും പത്തുലക്ഷം രൂപ വിലവരുന്ന കൊക്കെയിനുമായി കൊല്‍ക്കത്ത പോലിസ് അറസ്റ്റ് ചെയ്തത്.
100 ഗ്രാം കൊക്കെയിനാണ് പമേലയുടെ കൈവശത്ത് നിന്ന് പോലിസ് പിടികൂടിയത്. ജാമ്യമില്ല വകുപ്പു പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. പമേലയും പ്രോബിര്‍ കുമാറും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ബാഗില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് പോലിസ് അറിയിച്ചു. കൊക്കെയിനുമായി പമേലയും സുഹൃത്തും സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് വാഹനം പരിശോധിച്ചത്.
എട്ടോളം വാഹനങ്ങളില്‍ എത്തിയ പോലിസ് വളഞ്ഞിട്ടാണ് പമേലയെ പിടികൂടിയത്. ന്യൂ അലിപോരിലെ കോഫി ഹൗസിന് സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, മമത സര്‍ക്കാര്‍ പമേലയെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ ആസൂത്രണം ചെയ്താണ് പമേലയെ അറസ്റ്റ് ചെയ്തതെന്നും ഇത്തരത്തില്‍ നിരവധി നേതാക്കളെ ബംഗാള്‍ പോലിസ് കുടുക്കിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.
ബിജെപിയിലെ പമേല ഗോസാമിയുടെ വളര്‍ച്ച പലരെയും അതിശയിപ്പിക്കുന്നതായിരുന്നു. നടിയെന്ന നിലയില്‍ ബിജെപിയിലെത്തിയ പമേല പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ ക്യാംപയിനുകളിലൂടെയാണ് ശ്രദ്ധേയയായത്. 2019ലാണ് മോഡലും നടിയുമായിരുന്ന പമേല ബിജെപിയില്‍ ചേര്‍ന്നത്. മികച്ച പ്രാസംഗികയായ പമേല വളരെ പെട്ടെന്ന് തന്നെ യുവാക്കളില്‍ സ്വാധീനം ചെലുത്തി വളര്‍ന്നു. സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച പമേല, ആദ്യം യുവമോര്‍ച്ചയുടെ ഹൂബ്ലി മേഖലയിലെ നേതാവായിരുന്നു. പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു.

