മൂന്നു പെണ്‍കുട്ടികളെ നദിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്

Update: 2025-09-21 06:22 GMT

ലക്‌നൗ: മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവ് വിധിച്ചു. സര്‍ഫ്രാസ് എന്ന വ്യക്തിയാണ് സുഹൃത്തിന്റെ സഹായത്തോടെ മൂന്നു പെണ്‍കുട്ടികളെ നദിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലാണ് സംഭവം. സര്‍ഫ്രാസിനു തന്നോടും നാലു പെണ്‍മക്കളോടും നീരസം ഉണ്ടായിരുന്നതായി ഭാര്യ സാബിറ ഖത്തൂന്‍ പറഞ്ഞു. സംഭവ ദിവസം സര്‍ഫ്രാസും സുഹൃത്തും ചേര്‍ന്ന് സനാ, സഭാ, ഷമാ എന്നീ മൂന്നു പെണ്‍കുട്ടികളെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെന്ന വ്യാജേനെ കൂട്ടികൊണ്ടു പോകുകയും, പിന്നീട് ഇവരെ സരയു നദിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടിലെത്തിപ്പോള്‍ സാബിറ കുട്ടികളെ അന്വേഷിച്ചപ്പോള്‍ അവരെ ആരോ തട്ടികൊണ്ടുപോയതായി സഫ്രാസ് പറഞ്ഞു. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ പിതാവ് തന്നെയാണ് കൊലപാതകം ചെയ്തതെന്ന് കണ്ടെത്തിയത്. 2020 മെയ് 31 മുതല്‍ വിചാര ആരംഭിച്ച കേസിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.