ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്: എം സി ഖമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

Update: 2023-08-23 11:11 GMT

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ് ലിം നേതാവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകകെട്ടാന്‍ ഉത്തരവ്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഫാഷന്‍ ഗോള്‍ഡ് കമ്പനി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടു കെട്ടാന്‍ ഉത്തരവിട്ടത്. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എസ്പി പി സദാനന്ദന്റെ റിപോര്‍ട്ടിന്‍മേലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ബഡ്‌സ് നിയമം 2019 ലെ ഏഴാം വകുപ്പില്‍ ഉപവകുപ്പ് മൂന്ന് പ്രകാരമാണ് പ്രതികളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത്.

    കേസിലെ പിഴത്തുക ഈടാക്കുന്നതിനായി എം സി ഖമറുദ്ദീന്‍ അടക്കം 30 ഡയറക്ടര്‍മാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ജില്ലാ ലീഡ്‌സ് ബാങ്ക് മാനേജര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍, പയ്യന്നൂരിലെ ഫാഷന്‍ ഓര്‍ണമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തലശ്ശേരിയിലെ നുജൂം ഗോള്‍ഡ് പ്രൈവറ്റ് ലിമറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ഡയറക്ടര്‍മാരായ എം സി ഖമറുദ്ദീന്‍, ചന്തേരിയിലെ ടി കെ പൂക്കോയ തങ്ങള്‍, മകന്‍ ഹിഷാം, സൈനുല്‍ ആബിദീന്‍ എന്നിവരുള്‍പ്പെടുന്ന 30 ഡയറക്ടര്‍മാരുടെയും വ്യക്തിപരവും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതുമായ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍നടപടികള്‍ അറിയിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

    ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ പയ്യന്നൂര്‍ ടൗണില്‍ ആറുകോടി രൂപ വിലയുള്ള നാല് കടമുറി, ബെംഗളൂരു സിലിഗുണ്ടെ വില്ലേജില്‍ എംഡി പൂക്കോയതങ്ങളുടെ പേരിലുള്ള 10 കോടി രൂപയുടെ ഒരേക്കര്‍ ഭൂമി, കാസര്‍കോട് ടൗണ്‍ പതിനൊന്നാം വാര്‍ഡില്‍ ഖമര്‍ ഗോള്‍ഡിനായി എം സി ഖമറുദ്ദീന്റെയും പൂക്കോയതങ്ങളുടെയും പേരില്‍ വാങ്ങിയ അഞ്ചുകോടി രൂപയുള്ള നാല് കടമുറി എന്നിവയാണ് കണ്ടുകെട്ടുക. ഇതിനുപുറമെ, തൃക്കരിപ്പൂര്‍ എടച്ചാക്കൈയില്‍ രണ്ടു കോടിയോളം വിലമതിക്കുന്ന ഖമറുദ്ദീന്റെ വീടും പറമ്പും ചന്തേരയില്‍ പൂക്കോയതങ്ങളുടെ പേരിലുള്ള ഒരുകോടിയോളം വിലമതിക്കുന്ന വീടും പറമ്പും കണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, ഫാഷന്‍ ഗോള്‍ഡ് അടച്ചുപൂട്ടിയശേഷം നിക്ഷേപകര്‍ പരാതി നല്‍കിയതോടെ ചില സ്വത്തുക്കള്‍ പലരുടെയും പേരിലേക്ക് കൈമാറ്റംചെയ്തതായി അന്വേഷകസംഘം റിപോര്‍ട്ട് നല്‍കിയിരുന്നു. നാല് ജ്വല്ലറികളുടെപേരില്‍ എഴുനൂറിലധികം പേരില്‍നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. ഇതില്‍ 168 പേരാണ് പരാതി നല്‍കിയത്. ഇവര്‍ക്ക് 26.15 കോടി നല്‍കാനുണ്ടെന്നാണ് കണ്ടെത്തല്‍.

Tags:    

Similar News