സംയുക്ത സമാജ് മോർച്ച; കർഷകർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു; പഞ്ചാബിൽ മൽസരിക്കും
പോരാട്ടം ജയിക്കാൻ കഴിയുമെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാനും സാധിക്കുമെന്ന് ബികെയു നേതാവ് ഹർമീത് സിങ് കഡ്യാൻ പറഞ്ഞു. ജനങ്ങളുടെ താൽപര്യമാണ് സംയുക്ത സമാജ് മോർച്ച അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പിൽ കർഷകർ മൽസരിക്കും. കേന്ദ്രത്തിന്റെ വിവാദ നിയമങ്ങൾക്കെതിരെ പോരാടിയ 22 കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരിച്ചു. സംയുക്ത സമാജ് മോർച്ച എന്ന പേരിൽ രൂപീകരിച്ച കർഷകരുടെ പാർട്ടി അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കും.
സംയുക്ത സമാജ് മോർച്ചയെ ബൽബീർ സിങ് രജേവാൾ നയിക്കുമെന്നാണ് വിവരം. 117 സീറ്റിലും കർഷകർ മൽസരിച്ചേക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ലെന്നാണ് സംയുക്ത കിസാൻ മോർച്ച ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംയുക്ത കിസാൻ മോർച്ചയുടെ പേര് എവിടെയും ഉപയോഗിക്കാൻ പാടില്ലെന്നും നേതാക്കൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് 22 കർഷക സംഘടനകൾ ചേർന്ന് പാർട്ടി രൂപീകരിച്ചിരിക്കുന്നത്.
പോരാട്ടം ജയിക്കാൻ കഴിയുമെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാനും സാധിക്കുമെന്ന് ബികെയു നേതാവ് ഹർമീത് സിങ് കഡ്യാൻ പറഞ്ഞു. ജനങ്ങളുടെ താൽപര്യമാണ് സംയുക്ത സമാജ് മോർച്ച അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നാനൂറോളം കർഷക സംഘടനകൾ ചേർന്നാണ് സംയുക്ത കിസാൻ മോർച്ച രൂപീകരിച്ചത്. കർഷകരുടെ പ്രശ്നങ്ങൾക്കായി മാത്രമാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനമില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെക്കുറിച്ച് ധാരണ ഇല്ലെന്നും സംയുക്ത കിസാൻ മോർച്ചയുടെ ഒമ്പതംഗ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ച ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്കുമേൽ സമ്മർദ്ദമുണ്ടെന്ന് രാജവാൾ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്നങ്ങൾ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
