അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് അരലക്ഷത്തിലധികം കര്‍ഷകര്‍

ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ര, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Update: 2021-02-02 15:31 GMT

ന്യൂഡല്‍ഹി: 2015 മുതല്‍ 19 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 58783 ആണെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. സഭയില്‍ എ എം ആരിഫ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ പ്രകാരമാണ് ഇത്. കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായി 2017 ല്‍ 12602 പേരും 2018 ല്‍ 11379 പേരും 2019 ല്‍ 10281 പേരും ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ര, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക നിയമങ്ങള്‍ക്ക് കര്‍ഷക പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്നതിനിടേയാണ് കര്‍ഷക ആത്മഹത്യയുടെ കണക്ക് പുറത്ത് വന്നത്. കോര്‍പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങളാണ് തുടരുന്നതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു. ഇതിനിടേയാണ് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന കര്‍ഷക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. വിവാദമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.

Tags: