കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ കരിദിനം ആചരിച്ചു

Update: 2021-05-26 13:01 GMT

കോഴിക്കോട്: മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചുട്ടെടുത്ത കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ കര്‍ഷകര്‍ ആരംഭിച്ച ഐതിഹാസിക സമരപോരാട്ടങ്ങള്‍ക്ക് ഇന്ന് ആറുമാസം തികഞ്ഞിരിക്കുകയാണ്. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി എസ്ഡിപിഐ കരിദിനം ആചരിച്ചു.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ത്തത്. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലങ്ങള്‍, ചിത്രങ്ങള്‍ എന്നിവ കൂട്ടിയിട്ട് കത്തിച്ചും കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ചും ഗ്രാമ, നഗര വ്യത്യാസമില്ലാതെ രാജ്യത്തുടനീളം പ്രതിഷേധമിരമ്പി.


 കര്‍ഷകരുടെ ട്രാക്ടറുകളിലും കറുത്ത പതാകകള്‍ സ്ഥാപിച്ചിരുന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ഡിപി ഐ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത 'ജനാധിപത്യത്തിനായി കരിദിനം' സമരപരിപാടി മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തകരുടെ മുഴുവന്‍ വീടുകളിലും പ്ലക്കാര്‍ഡുകളും കരിങ്കൊടിയും പ്രദര്‍ശിപ്പിച്ച്് പ്രതിഷേധത്തില്‍ പങ്കെടുത്തു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും കുടുംബവും മഞ്ചേരിയിലെ വീട്ടില്‍ കറുത്ത ബാനറുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കരിദിനാചരണത്തോടനുബന്ധിച്ച് തിരൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളില്‍ പ്ലക്കാര്‍ഡുകര്‍ ഉയര്‍ത്തി പ്രതിഷേധത്തിന്റെ ഭാഗയായി. മലപ്പുറം ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അണിനിരന്ന് തിരൂര്‍ മണ്ഡലം പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.


 ആള്‍ബലം കാണിക്കുന്നതിനു പകരം പ്രതീകാത്മകമായ സമരമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കര്‍ഷകരുടെ സമരം വിജയം കൈവരിക്കുന്നതുവരെ ഈ പിന്തുണയില്‍നിന്നും എസ്ഡിപിഐ അല്‍പം പോലും പിന്നോട്ടുപോവില്ലെന്നും കര്‍ഷകരുടെ സമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവരുമെന്നും മജീദ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിഡന്റ് സി പി മുഹമ്മദ് അലി, സെക്രട്ടറി നജീബ് തിരൂര്‍, ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് മെംബര്‍ മന്‍സൂര്‍ മാസ്റ്റര്‍, എസ്ഡിപിഐ തിരൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഇബ്രാഹിം പുത്തുതോട്ടില്‍, ഷാഫി സബ്ക തിരൂര്‍, അബ്ദുല്‍ സലാം നിറമരുതൂര്‍, മൊയ്ദൂട്ടി തലക്കടത്തൂര്‍, അബ്ദുല്‍ സലാം പൊന്‍മുണ്ടം എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു.

വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരും കുടുബങ്ങളും പങ്കെടുത്തു. വിമന്‍ ഇന്ത്യ മൂവ് മെന്റ് തിരൂര്‍ മണ്ഡലം ഭാരവാഹികളും കുടുംബവും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരപ്പനങ്ങാടി മേഖലയിലും പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. വീടുകളില്‍ പ്രവര്‍ത്തകര്‍ കുടുംബസമേതമാണ് പ്രതിഷേധം തീര്‍ത്ത് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കരിദിനം ആചരിച്ചത്.

Tags: