പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍; ട്രെയിന്‍ തടയും, ബിജെപി ഓഫിസുകള്‍ ഘെരാവൊ ചെയ്യും

രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ നിശ്ചലമാക്കുമെന്നും അതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ഷക നേതാവ് ബൂട്ടാ സിങ് സിംഘു അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും.

Update: 2020-12-11 02:57 GMT

ന്യൂഡല്‍ഹി: രണ്ടാഴ്ച പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം റെയില്‍ തടയലുള്‍പ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ നിശ്ചലമാക്കുമെന്നും അതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ഷക നേതാവ് ബൂട്ടാ സിങ് സിംഘു അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബിജെപി ഓഫിസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാറുമായുള്ള ചര്‍ച്ച ഉപേക്ഷിച്ചതിന്റെ രണ്ടാം ദിവസവും ഡല്‍ഹിയിലെ അതിര്‍ത്തികളിലേക്ക് കൂടുതല്‍ സമരക്കാര്‍ ഒഴുകിയെത്തുകയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ വഴിമുട്ടിയിരിക്കുകയാണ്.

അതേസമയം, പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാറിനു വേണ്ടി മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയുഷ് ഗോയലും വീണ്ടും ചര്‍ച്ചാ വാഗ്ദാനവുമായി രംഗത്തുവന്നിട്ടുണ്ട്.ഇത്രയധികം ദിവസം സമയം നല്‍കിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കര്‍ഷകസമരനേതാക്കള്‍ പറയുന്നത്. തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കുന്നു. നിലവില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ചില തീവണ്ടികള്‍ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്.

വ്യാപാരികള്‍ക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചുകഴിഞ്ഞെന്നും കര്‍ഷകസമരനേതാക്കള്‍ പറയുന്നു. കര്‍ഷകരെ സഹായിക്കുന്ന ചട്ടങ്ങള്‍ നിയമത്തില്‍ നിന്ന് എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ കൃഷി സംസ്ഥാനസര്‍ക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുകയാണ്. അങ്ങനെയെങ്കില്‍ രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ഒരു കൃഷിനിയമം കേന്ദ്രസര്‍ക്കാരിന് നിര്‍മിക്കാനാകില്ലല്ലോ എന്നും കര്‍ഷകര്‍ ചോദിക്കുന്നു.

കര്‍ഷകരുമായി ഇനി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്ന തീയതിയടക്കം അനിശ്ചിതത്വത്തിലാണ്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ അടക്കം പറയുന്നുണ്ടെങ്കിലും നിയമം പിന്‍വലിക്കുകയെന്ന ആശയം കേന്ദ്രം തള്ളുന്നു. കര്‍ഷകരുടെ എല്ലാ ആശങ്കകളും പരിഹരിക്കാന്‍ കഴിയുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കുന്നതല്ലാതെ, മറ്റൊരു ഉറപ്പും കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

സിംഘുവില്‍ വ്യാഴാഴ്ച ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗമാണ് റെയില്‍തടയല്‍ സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 14ന് ബിജെപി നേതാക്കളുടെ വീടുകളും മന്ത്രിമാരുടെ വസതികളും ഘെരാവോ ചെയ്യും. ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണയും നടത്തും. മനുഷ്യാവകാശ ദിനമായ വ്യാഴാഴ്ച പൗരത്വ സമരത്തിലും ദലിത് ആദിവാസി നീതി മുന്നേറ്റങ്ങളിലും ഇടപെട്ടതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് കര്‍ഷക പ്രക്ഷോഭകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Tags: