സമരം അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ നിർദേശം കർഷക സംഘടനകൾ തള്ളി
ഡൽഹിക്ക് ചുറ്റുമായുള്ള കെഎംപി എക്‌സ്‌പ്രസ് വേയിൽ കർഷകർ സംഘടിപ്പിച്ച ഉപരോധം ഞായറാഴ്‌ച രാവിലെ എട്ടിന് അവസാനിച്ചു.
ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കർഷകർ സമരം അവസാനിപ്പിക്കണമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നിർദേശം കർഷക സംഘടനകൾ തള്ളി. പുതിയ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കും വരെ കർഷകർ സമരം തുടരുമെന്ന് സംയുക്ത കിസാൻമോർച്ച.
കർഷകർ സമരസ്ഥലം ഒഴിഞ്ഞാൽ ചർച്ചയാകാമെന്ന തരത്തിലുള്ള ഉപാധിയാണ് കൃഷി മന്ത്രി മുന്നോട്ടുവയ്ക്കുന്നതെന്ന് കിസാൻമോർച്ച നേതാവ് ദർശൻ പാൽ പറഞ്ഞു. സമരം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ല, മേയ് പകുതിയോടെ സംഘടിപ്പിക്കുന്ന ഭാരത് ബന്ദിന്റെ തീയതി കിസാൻ മോർച്ചയുടെ അടുത്ത യോഗത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിക്ക് ചുറ്റുമായുള്ള കെഎംപി എക്‌സ്‌പ്രസ് വേയിൽ കർഷകർ സംഘടിപ്പിച്ച ഉപരോധം ഞായറാഴ്‌ച രാവിലെ എട്ടിന് അവസാനിച്ചു. ശനിയാഴ്‌ച രാവിലെ തുടങ്ങിയ ഉപരോധം 24 മണിക്കൂർ നീണ്ടു. നൂറുക്കണക്കിന് കർഷകർ പങ്കാളികളായി. ബുധനാഴ്‌ച അംബേദ്‌കർ ജയന്തി ദിനം കർഷകർ രാജ്യവ്യാപകമായി ഭരണഘടനാ ദിവസമായി ആചരിക്കും.