കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുത്തും; ഇന്ന് രാവിലെ 11ന് ജാട്ട് മഹാ പഞ്ചായത്ത് വിളിച്ചു

Update: 2021-01-29 03:47 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനായി ജാട്ട് മഹാ പഞ്ചായത്ത് വിളിച്ച് കര്‍ഷക സംഘടനകള്‍. ഇന്നു രാവിലെ 11നു മുസഫര്‍ നഗറില്‍ മഹാ പഞ്ചായത്ത് ചേരാനാണ് ഭാരതീയ കിസാന്‍ യൂനിയന്‍(ബികെയു) നേതാവ് രാകേഷ് ടികായത്ത് ആഹ്വാനം ചെയ്തത്. കര്‍ഷക പ്രക്ഷോഭകാരികള്‍ ഇപ്പോഴും യുപി ഗേറ്റില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പോലിസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകരുടെ ഇച്ഛാശക്തിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. കേന്ദ്രസേനയും പോലിസും പിന്‍വാങ്ങിയെങ്കിലും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായേക്കുമെന്ന് കര്‍ഷകര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അതിനാല്‍ തന്നെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ജാട്ട് മഹാ പഞ്ചായത്തില്‍ ഉണ്ടാവുമെന്നാണു സൂചന.

    വ്യാഴാഴ്ച രാത്രി ഗാസിപ്പൂരിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നീക്കം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയിരുന്നു. നവംബര്‍ 28 മുതല്‍ രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള ബികെയു അംഗങ്ങള്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് നിരന്തരം വൈദ്യുതി മുടക്കുന്നത് ആശങ്കയുയര്‍ത്തിയിരുന്നു. സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നും അതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു.

Farmers Protest: BKU chief calls jat mahapanchayat in UP today

Tags: