കര്‍ഷക മാര്‍ച്ച്; പി കൃഷ്ണപ്രസാദുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പോലിസിന്‍റെ ക്രൂരമര്‍ദനം

യുപിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്

Update: 2021-10-04 09:49 GMT

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കുരുതിക്കെതിരേ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലിസ് അതിക്രമം. യുപി ഭവന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പോലിസ് മര്‍ദ്ദിച്ചു. വലിച്ചിഴച്ചാണ് അദ്ദേഹത്തെ പോലിസ് വാഹനത്തിലേക്ക് കയറ്റിയത്. സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യുപിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. നേരത്തേ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടാവുകയും പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഘര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് രാവിലെ മുതല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ യുപി ഭവനിലേക്ക് മാര്‍ച്ചുമായെത്തുന്നത്.

അതേസമയം നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും ഇരകളായ നാലു കർഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും ഉത്തർപ്രദേശ് സർക്കാറിന്റെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് പ്രശാന്ത് കുമാർ പറഞ്ഞു. പരിക്കേറ്റവർക്ക് 10 ലക്ഷം നൽകുമെന്നും അദ്ദേഹം അറിയിച്ചു.