കേന്ദ്ര സർക്കാരിന്റെ അവ​ഗണയ്ക്കിടയിലും രാജ്യത്തിനു നേട്ടമുണ്ടാക്കി കർഷകർ

ഗോതമ്പും മറ്റു ധാന്യങ്ങളും യഥാക്രമം 2019- ’20 സാമ്പത്തിക വർഷത്തെ 425 കോടി രൂപയുടെ സ്ഥാനത്ത് 2020-’21‑ൽ 3283 കോടി രൂപയുടെയും 1318 കോടിയിൽ നിന്ന് 4542 കോടി രൂപയുടെയും വളർച്ചയാണ് രേഖപ്പെടുത്തിയത്.

Update: 2021-05-06 19:12 GMT

ന്യൂഡൽഹി: കൊവിഡ് മഹാമാരിയിൽ ഡൽഹി വിറങ്ങലിക്കുമ്പോഴും ഡൽഹി-തിക്രി അതിർത്തിയിൽ കർഷകർ ഇപ്പോഴും പ്രക്ഷോഭത്തിലാണ്. കേന്ദ്രം ഇങ്ങനെ അവ​ഗണന തുടരുന്നുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധിക്ക് നടുവിൽ രാജ്യത്തിനു നേട്ടമുണ്ടാക്കിയിരിക്കുകയാണ് കാർഷിക മേഖല. കാർഷിക ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത്തവണ വൻ നേട്ടം കൊയ്തതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഗോതമ്പ്, അരി, മറ്റു ധാന്യങ്ങൾ, പഞ്ചസാര, അസംസ്കൃത പരുത്തി, സംസ്കരിച്ചവയും സംസ്കരിക്കാത്തവയുമായ പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് കയറ്റുമതിയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയ കാർഷിക ഉല്പന്നങ്ങൾ.

ഗോതമ്പും മറ്റു ധാന്യങ്ങളും യഥാക്രമം 2019- '20 സാമ്പത്തിക വർഷത്തെ 425 കോടി രൂപയുടെ സ്ഥാനത്ത് 2020-'21‑ൽ 3283 കോടി രൂപയുടെയും 1318 കോടിയിൽ നിന്ന് 4542 കോടി രൂപയുടെയും വളർച്ചയാണ് രേഖപ്പെടുത്തിയത്.

ബസ്മതി ഇതര അരി കയറ്റുമതി 2019- '20‑ൽ 13,030 കോടി രൂപയായിരുന്നത് '20-. '21‑ൽ 30, 277 കോടി രൂപയായും ഉയർന്നു. ഗോതമ്പ് കയറ്റുമതിയിൽ രാജ്യം 727 ശതമാനത്തിന്റെയും അരി കയറ്റുമതിയിൽ 132 ശതമാനത്തിന്റെയും വളർച്ചയാണ് കൈവരിച്ചത്.

ഈ നേട്ടം രാജ്യത്തിനു സംഭാവന ചെയ്ത കർഷകർ മാസങ്ങളായി നരേന്ദ്ര മോദി സർക്കാരിന്റെ വികലമായ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭത്തിലാണെന്ന വസ്തുത ശ്രദ്ധിക്കപ്പെടേണ്ടതാണ്.