പ്രക്ഷോഭം ക‌ടുപ്പിച്ച് കര്‍ഷകര്‍; ആറാം തീയതി രാജ്യവ്യാപകമായി റോഡ് തടയും

കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.

Update: 2021-02-01 16:50 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നു. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണി വരെയുള്ള മൂന്നു മണിക്കൂറായിരിക്കും പ്രതിഷേധം. ഈ സമയം സംസ്ഥാന-ദേശീയ പാതകള്‍ തടയും. തിങ്കളാഴ്ച വൈകുന്നേരം വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്.

ഫെബ്രുവരി ആറിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ റോഡുകള്‍ തടയും- ഭാരതീയ കിസാന്‍ യൂനിയന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രജേവാല്‍ പറഞ്ഞു.

കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

താങ്ങുവില നല്‍കി വിളകള്‍ സംഭരിക്കാന്‍ എഫ്സിഐക്ക് വായ്പയായി കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയത് 1,36,600 കോടി രൂപയാണ്. എന്നാല്‍ വളരെ കുറച്ചു തുക മാത്രമാണ് ചിലവഴിച്ചത്. ഇക്കൊല്ലം യാതൊന്നും വകയിരുത്തിയിട്ടില്ല. ഇത്തരം നീക്കങ്ങള്‍ എഫ്സിഐ അടച്ചു പൂട്ടാനാണോ എന്ന് കര്‍ഷകരെ ചിന്തിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ പ്രതിനിധി യോഗേന്ദ്ര യാദവ് പറഞ്ഞു.