സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള സമരം അംഗീകരിക്കാനാവില്ല; കർഷക പ്രക്ഷോഭത്തിൽ സുപ്രിംകോടതി

ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണം. സമരത്തില്‍ ഒരു തരത്തിലുമുള്ള അക്രമവുമുണ്ടാകരുത്. പോലിസിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാകരുതെന്നും സമരത്തിന്റെ രീതി എങ്ങനെ മാറ്റാനാകുമെന്ന് ആലോചിക്കണമെന്നും കോടതി

Update: 2020-12-17 14:58 GMT

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുപ്രിംകോടതി. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള സമരം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസ് ഒരു അവധിക്കാല ബെഞ്ചിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ നിയമം നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കരുതെന്നും നിർദ്ദേശിച്ചു. കർഷകരുമായുള്ള ചർച്ചയ്ക്ക് ശേഷം കോടതിയെ സമീപിക്കുമെന്ന് സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ പറഞ്ഞു.

ഒരു നിയമത്തിനെതിരേ പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഞങ്ങൾ അംഗീകരിക്കുന്നു. അത് ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യവും ഉയരില്ല. എന്നാൽ ഇത് ആരുടേയും ജീവനോ സ്വത്തിനോ അപകടം വരുത്തരുതെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ പറഞ്ഞു. ഇക്കാര്യം ഒരു കമ്മിറ്റിക്ക് കൈമാറണം. കാർഷിക പരിജ്ഞാനമുള്ള സ്വതന്ത്ര അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി ദേശീയപാത ഉപരോധിച്ചുകൊണ്ടുള്ള സമരം 23 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കോടതി ഇടപെടൽ. കര്‍ഷകരുടെ ആശങ്കയും പ്രശ്‌നങ്ങളും കോടതിക്ക് മനസിലാകും. അതിന് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണം. സമരത്തില്‍ ഒരു തരത്തിലുമുള്ള അക്രമവുമുണ്ടാകരുത്. പോലിസിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാകരുതെന്നും സമരത്തിന്റെ രീതി എങ്ങനെ മാറ്റാനാകുമെന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു.