തെലങ്കാനയില്‍ വളം വാങ്ങാന്‍ ക്യൂ നിന്ന കര്‍ഷകന്‍ മരിച്ചു
സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി.
ഹൈദരാബാദ്: തെലങ്കാന സിദ്ദിപേട്ട് ജില്ലയില്‍ യൂറിയ വളം വാങ്ങാന്‍ ക്യൂ നിന്ന കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മനാട്ടിലെ പ്രാഥമി കാര്‍ഷിക സൊസൈറ്റി(പിഎസിഎസ്)യില്‍ ക്യൂ നിന്ന സി യെല്ലയ്യ(65)യാണു മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി യൂറിയയ്ക്കു വേണ്ടി യെല്ലയ്യ ഭാര്യയ്‌ക്കൊപ്പം രാവിലെ മുതല്‍ പിഎസിഎസിക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണെന്നും നീണ്ട നിരയില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. രാസവളങ്ങളുടെ അഭാവം കാരണം വിളകള്‍ ഉണങ്ങിപ്പോവുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. കാലതാമസവും യൂറിയയുടെ കുറവും ന്യായമായ വിളവ് ലഭിക്കുമെന്ന കര്‍ഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ്. പിഎസിഎസില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് എല്ലാദിവസവും ക്യൂ നില്‍ക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കാവട്ടെ ആവശ്യം നിറവേറ്റാനാവുന്നില്ല. കര്‍ഷകര്‍ക്ക് ആവശ്യമാ യൂറിയ നല്‍കാനാവാത്തതിനു കാരണം കേന്ദ്രസര്‍ക്കാരാണെന്നു സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
തെലങ്കാനയിലേക്ക് അനുവദിച്ച 8.5 ലക്ഷം ടണ്‍ യൂറിയ അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും 3.97 ലക്ഷം ടണ്‍ മാത്രമാണ് അയച്ചതെന്ന് കൃഷിമന്ത്രി എസ് നിരഞ്ജന്‍ റെഡ്ഡി പറഞ്ഞു. ഇതില്‍ 2.12 ലക്ഷം ടണ്‍ യൂറിയ മാത്രമാണ് കര്‍ഷകരിലേക്ക് എത്തിയത്. മന്ത്രിയുടെ പ്രസ്താവന സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്)യും ബിജെപി തമ്മിലുള്ള വാക്‌പോരിനു കാരണമായി. ടിആര്‍എസ് സര്‍ക്കാരിന്റെ പരാജയം കേന്ദ്രത്തിനു മേല്‍ കെട്ടിവയ്ക്കാനാണു ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണ്‍ പറഞ്ഞു. യൂറിയ വിതരണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

