പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസായി
ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.
ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യസഭ കാര്‍ഷിക ബില്ലുകള്‍ പാസാക്കി. കാര്‍ഷിക വിള വിപണന വാണിജ്യ ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക കരാര്‍ 2020 എന്നിവയാണ് രാജ്യസഭ പാസാക്കിയിരിക്കുന്നത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.
രാജ്യമെമ്പാടും കര്‍ഷകരുടെ പ്രതിഷേധം ഉയരുകയാണ്. കാര്‍ഷിക ബില്ലുകള്‍ സഭയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ നാടകീയ സംഭവങ്ങളായിരുന്നു രാജ്യസഭയില്‍ അരങ്ങേറിയത്. ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. രാജ്യസഭ 10 മിനിറ്റത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു.
കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. മന്ത്രിസഭ വിട്ട ശിരോമണി അകാലിദള്‍ ഒഴികെ എന്‍ഡിഎയിലെ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. അണ്ണാ ഡിഎംകെയും ബിജുജനതാദളും ചില വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ല് പാസാക്കാന്‍ സഹായിച്ചു. കര്‍ഷകരെ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന് ആരോപണം കൃഷിമന്ത്രി തള്ളി. കോറപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു.