ജർമ്മൻ ടീമിന്റെ ഇരട്ടത്താപ്പിനെതിരെ ​ഗാലറിയിൽ പ്രതിഷേധം; വാ പൊത്തിപ്പിടിച്ച് ഓസിലിന്റെ ചിത്രവുമായി ആരാധകർ

Update: 2022-11-28 00:52 GMT

ദോഹ: സ്പെയിൻ-ജർമ്മനി മത്സരം നടന്ന അൽ ബെയ്ത് ​സ്റ്റേഡിയത്തിൽ ജർമ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകർ. വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായി വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്ന മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രം കയ്യിലേന്തി വാ പൊത്തിയായിരുന്നു ഒരു കൂട്ടം ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം. ജർമ്മനിക്ക് ഓസിലിന്റെ കാര്യത്തിലും എൽജിബിടിക്യൂ സമൂഹത്തിന്റെ കാര്യത്തിലും ഇരട്ടത്താപ്പാണെന്ന് ആരാധകർ ആരോപിച്ചു. ജപ്പാനുമായുളള ആദ്യ മത്സരത്തിന് മുമ്പ് ജർമ്മൻ ടീം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ വാ പൊത്തിപ്പിടിച്ച് പ്രതിഷേധിച്ചിരുന്നു. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരെയായിരുന്നു ജര്‍മ്മന്‍ താരങ്ങളുടെ പ്രതിഷേധം. എൽജിബിടിക്യൂ സമൂഹത്തോടുളള ഖത്തറിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതിനാണ് മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.

നാല് വർഷം മുമ്പാണ് ഓസിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത്. 2018ലെ ലോകകപ്പ് തോൽവിക്ക് ശേഷം ഓസിലിനെതിരെ വംശീയാധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിൽ മനംമടുത്താണ് മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താരം വിരമിക്കൽ പ്രഖ്യാപിച്ചത്. "വംശീയതയും അനാദരവും" കാരണം ഇനി ജർമ്മൻ ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഓസിലിന്റെ വിരമിക്കൽ. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാനുമൊത്തുളള ഓസിലിന്റെ ഫോട്ടോ വിവാദമായിരുന്നു. ഇതിന് പിന്നാലെ 2018ലെ ലോകകപ്പ് തോൽവിക്ക് കാരണം ഓസിലാണെന്ന് ജർമ്മൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. 'താൻ ഒരു ഫുട്ബോൾ കളിക്കാരനാണ്, രാഷ്ട്രീയക്കാരനല്ല. ഞങ്ങളുടെ കൂടിക്കാഴ്ച ഏതെങ്കിലും നയങ്ങളുടെ ഭാ​ഗമായിരുന്നില്ല. ഞാന്‍ ഗോള്‍ നേടുമ്പോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരനുമാവുന്നു.' എന്നും ഓസിൽ വിവാ​ദങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു





Similar News