സൈന്യം 'ഏറ്റുമുട്ടലില്‍' വധിച്ച കൗമാരക്കാരന്റെ പിതാവിനും ബന്ധുക്കള്‍ക്കുമെതിരേ യുഎപിഎ പ്രകാരം കേസ്

ക്രിമിനല്‍ ഗൂഢാലോചന നടത്തി അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയെന്നാരോപിച്ചാണ് കേസ്.

Update: 2021-02-07 16:04 GMT


കൊല്ലപ്പെട്ട ആതര്‍ മുഷ്താഖിന്റെ പിതാവ് മുഷ്താഖ് അഹമ്മദ് വാനി

ശ്രീനഗര്‍: ശ്രീനഗറില്‍ സൈന്യം 'ഏറ്റുമുട്ടലില്‍' കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ പിതാവും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ജമ്മു കശ്മീര്‍ പോലീസ് യുഎപിഎ പ്രകാരം കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന നടത്തി അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയെന്നാരോപിച്ചാണ് കേസ്.

കഴിഞ്ഞ ഡിസംബര്‍ 30ന് ശ്രീനഗറില്‍ സൈന്യം വെടിവച്ച് കൊന്ന ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ആതര്‍ മുഷ്താഖിന്റെ പിതാവ് മുഷ്താഖ് അഹമ്മദ് വാനി, ആതറിന്റെ അമ്മാന്‍വന്‍മാരായ മുഹമ്മദ് ഷാഫി വാനി, കൂടാതെ പ്രദേശവാസികളായ മുഹമ്മദ് ഹുസൈന്‍ വാനി, ഫയാസ് അഹമ്മദ്, ജലാലുദ്ധീന്‍ വാനി, റൂബ മീര്‍, മുഷ്താഖ് അഹമ്മദ് മീര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

ഏഴു പേര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 147, 341, 153 വകുപ്പുകള്‍ പ്രകാരവും യുഎപിഎയിലെ 13ാം വകുപ്പ് പ്രകാരവും പുല്‍വാമയിലെ രാജ്‌പോറ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ (നമ്പര്‍ 7/2021) ഫയല്‍ ചെയ്തതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യുഎപിഎയിലെ 13ാം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഏഴു വര്‍ഷം വരെ തടവും കൂടാതെ പിഴയും ഈടാക്കും.

ഫെബ്രുവരി 5ന് ബെല്ലോ ഗ്രാമത്തിലെ ജാമിയ മസ്ജിദ് അബുബക്കറില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുശേഷം പള്ളിക്ക് സമീപം അക്രമാസക്തമായ ഒരു ജനക്കൂട്ടം സംഘടിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, പ്രാദേശിക മുസ്‌ലിം പണ്ഡിതന്‍, തന്റെ രണ്ടു സഹോദരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് കൊല്ലപ്പെട്ട കൗമാരക്കാരന്റെ പിതാവ് മുഷ്താഖ് അഹമ്മദ് വാനി പറഞ്ഞു.

'മാധ്യമങ്ങളോട് സംസാരിക്കുന്നത് അവസാനിപ്പിക്കാനും സംഭവിച്ചതെല്ലാം മറക്കാനും പോലിസ് തന്നോട് ആവശ്യപ്പെട്ടതായും തന്റെ വായ അടപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2020 ഡിസംബര്‍ 30ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലാവെപോരയില്‍ വച്ച് മൂന്നു പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. മൂവരെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍, കൊല്ലപ്പെട്ടവര്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി അവരുടെ കുടുംബങ്ങള്‍ ശ്രീനഗറിലെ പോലിസ് കണ്‍ട്രോള്‍ റൂമിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

11ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആതര്‍ മുഷ്താഖ്, പുത്രിഗാമില്‍ നിന്നുള്ള ബിരുദധാരിയായ ഐജാസ് ഗനായി, ഷോപിയാനിലെ തുര്‍ക്ക്വാംഗാമില്‍ നിന്നുള്ള ആശാരി സുബൈര്‍ ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിരുന്നു. മൂവര്‍ക്കും സായുധ ബന്ധമുണ്ടെന്ന് പോലിസ് നിരന്തരം അവകാശപ്പെട്ടുവരികയാണ്. എന്നാല്‍, തെമ്മാടിക്കുഴിയില്‍ സംസ്‌കരിച്ച മൂവരുടേയും മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Tags:    

Similar News