യുപിയില്‍ രണ്ടുപേരെ പോലിസ് വെടിവച്ചുകൊന്നു; വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബം
കുടുംബാംഗങ്ങളുടെ ആരോപണം ഏറ്റുമുട്ടല്‍ വ്യാജമാണെന്നു തെളിയിക്കുന്നുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും യുപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രിഹായി മഞ്ച് പ്രസിഡന്റ് ശുഹൈബ് മുഹമ്മദ് പറഞ്ഞു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കേസ് പ്രതികളെന്നാരോപിച്ച് പോലിസ് രണ്ടുപേരെ വെടിവച്ചു കൊന്നു. ഇക്കഴിഞ്ഞ ജൂണ്‍ 30നു ബാരബങ്കിയിലുണ്ടായ ഏറ്റമുട്ടലിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നാണു പോലിസ് ഭാഷ്യമെങ്കിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. പോലിസ് സ്‌റ്റേഷനില്‍ നിന്നു മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സുബൈര്‍, ലോമാസ് എന്നിവരെ വെടിവച്ചുകൊന്നത്. ഇരുവരും ക്രിമിനലുകളാണെന്നും ഇവര്‍ക്കുമെതിരേ മൂന്നു ഡസനോളം കേസുകളുണ്ടെന്നും പോലിസ് സൂപ്രണ്ട് അജയ് സാനി പറഞ്ഞു. ഏറ്റുമുട്ടലില്‍ ശംസുല്‍ ഹസന്‍, സുമിത് ശ്രീനിവാസ് എന്നിവര്‍ക്കും പരിക്കേറ്റതായി പോലിസ് പറഞ്ഞു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സുബൈറിനെയും ലോമസിനെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍, പോലിസിന്റെ ആരോപണം കള്ളമാണെന്നു സുബൈറിന്റെ ഭാര്യ നൂര്‍ജഹാന്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്കെതിരേ നിസാര കേസുകളാണുണ്ടായിരുന്നതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
ബാസുര ഏരിയയില്‍ നിന്ന് സുബൈറിനെ തട്ടിക്കൊണ്ടുപോയ പോലിസ് പണം മോഷ്ടിച്ചെന്നാരോപിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു പോലിസ് അറിയിച്ചതെന്നും നൂര്‍ജഹാന്‍ പറഞ്ഞു. റേഷന്‍ വാങ്ങുന്നതിനിടെ വള വില്‍പ്പനക്കാരനായ സുബൈറിന്റെ പിതാവിനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിരുന്നുവെന്നും അവര്‍ പറഞ്ഞു. ലോമാസിനെ പോലിസ് ബുധനാഴ്ച രാവിലെ 12ഓടെയാണ് സുബൈറിനെയും കൂട്ടിക്കൊണ്ടുവന്ന് പോലിസ് കൊണ്ടുപോയതെന്നും പിറ്റേന്ന് രാവിലെയാണ് കൊല്ലപ്പെട്ടെന്ന കാര്യം അറിയിച്ചതെന്നും മകന്‍ ആരോപിച്ചു. കുടുംബാംഗങ്ങളുടെ ആരോപണം ഏറ്റുമുട്ടല്‍ വ്യാജമാണെന്നു തെളിയിക്കുന്നുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും യുപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രിഹായി മഞ്ച് പ്രസിഡന്റ് ശുഹൈബ് മുഹമ്മദ് പറഞ്ഞു. കുടുംബത്തിന്റെ ആരോപണം സത്യമാണെന്നാണു പോലിസ് സൂപ്രണ്ട് അജയ് സാനിയുടെ മോശം ട്രാക്ക് റെക്കോഡ് തെളിയിക്കുന്നത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കും. ഫൈസാബാദില്‍ അജയ് സാനിക്കെതിരേ ഇത്തരത്തിലുള്ള നിരവധി പരാതികളുണ്ട്. അഅ്‌സംഗഡില്‍ ഒരു തടവുകാരനു നേരെ വെടിയുതിര്‍ത്ത് കാല്‍ തകര്‍ത്തിരുന്നുവെന്നും ശുഹൈബ് മുഹമ്മദ് കാരവന്‍ ഡെയ്‌ലിയോട് പറഞ്ഞു. ഇരുവര്‍ക്കുമെതിരേ മൂന്നു കേസുകളുണ്ടെന്നാണ് കൊലപാതകത്തിനു ശേഷം പോലിസ് പറയുന്നത്. എന്നാല്‍, പുതിയ കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. അജയ് സാനി മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അഅ്‌സംഗഡിലുണ്ടായിരുന്നപ്പോള്‍ മുസ് ലിം, ദലിത്, പിന്നാക്ക വിഭാഗക്കാരെയാണു ലക്ഷ്യമിട്ടിരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാട്ടില്‍ ഗുണ്ടാസംഘങ്ങളെ കയറൂരിവിട്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ വെടിവച്ചുകൊല്ലൂ എന്ന് പറയില്ല. പക്ഷേ, ഗുണ്ടാസംഘങ്ങള്‍ അത് ചെയ്യുകയാണ്. യോഗി ഒരു മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെ യുഎന്‍ ഹൈക്കമ്മീഷറുടെ ഓഫിസ് തന്നെ യോഗിയുടെ ഭരണത്തിനു കീഴിലുള്ള വ്യാജ ഏറ്റമുട്ടലുകളെ വിമര്‍ശിച്ചിരുന്നു. 2018ല്‍ യുപിയില്‍ 1038 ഏറ്റുമുട്ടലുകളുണ്ടായെന്നും 32 പേര്‍ കൊല്ലപ്പെട്ടെന്നുമാണ് ഔദ്യോഗിക കണക്ക്.
