ട്രെയിന്‍ തട്ടിയ ലക്ഷണമില്ല; ജംഷീദിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

Update: 2022-05-15 04:35 GMT

കോഴിക്കോട്: കര്‍ണാടകയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. ട്രെയിന്‍ തട്ടിയാണ് മരണമെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയില്‍ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് മാണ്ഡ്യയിലെത്തിയ ബന്ധുക്കളോട് ജംഷിദ് ട്രെയിന്‍ തട്ടി മരിച്ചുവെന്ന് സുഹൃത്തുക്കള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ ജംഷീദിനെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ലഹരി മാഫിയ ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജംഷീദിനെ കര്‍ണാടകയിലെ മാണ്ഡ്യയിലെ റയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയില്‍ മാണ്ഡ്യയില്‍ റെയിവെ ട്രാക്കിന് സമീപം കാര്‍ നിര്‍ത്തി എല്ലാവരും ഉറങ്ങിയെന്നും പിറ്റേന്ന് രാവിലെയാണ് ജംഷിദ് ട്രാക്കിന് സമീപം മരിച്ച് കിടക്കുന്നത് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ വീട്ടുകാരോട് പറഞ്ഞത്. അഫ്‌സല്‍ എന്ന സുഹൃത്തിനൊപ്പം യാത്രപോകുന്നെന്ന് പറഞ്ഞാണ് ജംഷിദ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഇയാള്‍ നാട്ടില്‍ത്തന്നെയുണ്ടായിരുന്നതും ദുരൂഹമെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ ജംഷിദിന്റെ മരണം ആത്മഹത്യയെന്നാണ് മാണ്ഡ്യ പൊലീസ് നല്‍കിയ വിവരം.

Similar News