ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; സിദ്ദിഖ് കാപ്പന്റെ ഭാര്യ എസ്പിക്ക് പരാതി നല്‍കി

Update: 2024-02-24 06:24 GMT

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് ഫേസ്ബുക്കില്‍ പോസിറ്റിട്ടെന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റൈഹാനത്ത് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന്റെ ജാമ്യം റദ്ദാക്കാനുള്ള ആസൂത്രിത നീക്കമാണ് വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെന്ന് റൈഹാനത്ത് പറഞ്ഞു. കാപ്പന്‍ ജയിലിലായ ശേഷം നിരവധി യൂട്യൂബ് ചാനലുകളും ഓണ്‍ലൈനുകളും ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനുശേഷമാണ് കര്‍മ ന്യൂസില്‍ പുതിയ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് റൈഹാനത്ത് ആരോപിച്ചു. മാത്രമല്ല, ഗ്യാന്‍വാപി മസ്ജിദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാപ്പനെയും തന്നെയും ചേര്‍ത്തുകെട്ടി വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും വധഭീഷണിയുമുണ്ടെന്നും റൈഹാനത്ത് പറഞ്ഞു.

Tags: