ബാബരി കേസ് വിധിയുടെ പേരില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണം; പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് റിപോര്‍ട്ട്

ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ പൊതു ആശയവിനിമയത്തിനുള്ള പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നുവെന്ന തരത്തിലുള്ള നിര്‍ദേശങ്ങളടങ്ങിയ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

Update: 2019-11-08 02:42 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായകവിധി വരാനിരിക്കെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വ്യാപകമായി നിരീക്ഷിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപോര്‍ട്ട്. ഉത്തര്‍പ്രദേശ് പോലിസിനെ ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും നിര്‍ദേശങ്ങളും വ്യാജമാണെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ പൊതു ആശയവിനിമയത്തിനുള്ള പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നുവെന്ന തരത്തിലുള്ള നിര്‍ദേശങ്ങളടങ്ങിയ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളുടെ ഫോണ്‍ കോളുകള്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലെ പ്രധാന ഉള്ളടക്കം. ഓരോ വ്യക്തികളുടെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മന്ത്രാലയത്തിലെ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. സര്‍ക്കാരിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിക്കുന്ന പോസ്റ്റുകളോ വീഡിയോകളോ കൈമാറരുതെന്ന് സന്ദേശം മുന്നറിയിപ്പ് നല്‍കുന്നു. രാഷ്ട്രീയമോ മതപരമോ ആയ ആക്ഷേപകരമായ സന്ദേശങ്ങള്‍ എഴുതുകയോ അയക്കുകയോ ചെയ്യുന്നത് കുറ്റകരമാവുമെന്നും നിര്‍ദേശം ലംഘിക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റുചെയ്യുമെന്നും വ്യക്തമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.


 അതേസമയം, മേല്‍പ്പറഞ്ഞ സന്ദേശം വ്യാജമാണെന്ന് യുപി പോലിസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചതായി ആള്‍ട്ട് ന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു. അയോധ്യയില്‍ പ്രചരിക്കുന്ന അത്തരം നിരവധി സന്ദേശങ്ങളില്‍ ഒന്നാണിത്. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ ചിത്രം 'വ്യാജവാര്‍ത്തകള്‍ക്കെതിരേ യുപി പോലിസ്' എന്ന ഹാഷ് ടാഗോടെ നവംബര്‍ അഞ്ചിന് അയോധ്യ പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ്‌ചെയ്തിട്ടുമുണ്ട്. അയോധ്യയില്‍നിന്നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    

Similar News