അംബേദ്കര്‍ സിന്ദാബാദ് വിളിയെ പാകിസ്താന്‍ സിന്ദാബാദ് ആക്കി വ്യാജ വിഡിയോ; സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ശനിവരസന്തേ ഗ്രാമപ്പഞ്ചായത്ത് അംഗം രഘു, പത്രപ്രവര്‍ത്തകന്‍ ഹരീഷ്, കുശാല്‍ നഗര്‍ സ്വദേശി ഗിരീഷ് എന്നിവരാണ് വിഡിയോ പ്രചരിപ്പിച്ചത്.

Update: 2021-11-21 14:16 GMT

മംഗളൂരു: പ്രതിഷേധ സമരത്തിനിടെ മുസ്‌ലിം വനിതകള്‍ 'അംബേദ്കര്‍ സിന്ദാബാദ്' എന്നു വിളിച്ച് പ്രതിഷേധിക്കുന്ന വിഡിയോ എഡിറ്റ് ചെയ്ത് 'പാകിസ്താന്‍ സിന്ദാബാദ്' എന്നാക്കി പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടിയ മൂന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മുസ്‌ലിം സ്ത്രീകള്‍ മടിക്കേരിയിലെ ശനിവരസന്തേയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രതിഷേധ സമരത്തിന്റെ വീഡിയോയിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൃത്രിമം കാട്ടി പ്രചരിപ്പിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ശനിവരസന്തേ ഗ്രാമപ്പഞ്ചായത്ത് അംഗം രഘു, പത്രപ്രവര്‍ത്തകന്‍ ഹരീഷ്, കുശാല്‍ നഗര്‍ സ്വദേശി ഗിരീഷ് എന്നിവരാണ് വിഡിയോ പ്രചരിപ്പിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്തു പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ട് വന്നതിനു പിന്നാലെയാണ് പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതരായത്.

പ്രതിഷേധത്തിനിടെ മുസ്‌ലിം സ്ത്രീകള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുസ്‌ലിംകള്‍ ഹിന്ദു സംഘടനകളെ അടിച്ചമര്‍ത്തുന്നത് തുടരുകയാണെന്നും കഴിഞ്ഞ 15ന് ശനിവരസന്തേയില്‍ ബന്ദ് ആചരിക്കാനും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തിരുന്നു.

പ്രതിഷേധത്തിനിടെ മുസ്‌ലിം സ്ത്രീകള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 പ്രകാരമാണ് മൂന്നു പ്രതികള്‍ക്കെതിരെ ശനിവരസന്തേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാജ വിഡിയോ പ്രചരിപ്പിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളില്‍ എസ്ഡിപിഐ ഉള്‍പ്പെടെ നിരവധി സംഘടനകളാണ് മുന്നോട്ട് വന്നത്.

Tags: