തേജസ് ന്യൂസിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട്; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ്

കത്തോലിക്കാ സഭയുടേത് അടക്കം പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാജ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ വാര്‍ത്തയുടെ ലിങ്കോ ഹെഡിങ്ങില്‍ പറയുന്ന ഇത്തരമൊരു ഫേസ്ബുക്ക് പോസ്‌റ്റോ നിലവിലില്ലാത്തതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Update: 2021-05-30 04:43 GMT

കോഴിക്കോട്: തേജസ് ന്യൂസിന്റെ എംബ്ലവും മാസ്റ്റ് ഹെഡും ഉപയോഗിച്ച് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നു. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് വ്യാജമായുണ്ടാക്കിയ വാര്‍ത്തയുടെ തലക്കെട്ടും ഒപ്പം തേജസ് ന്യൂസിന്റെ മാസ്റ്റ് ഹെഡും എംബ്ലവും ചേര്‍ത്താണ് സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്. 'കത്തോലിക്ക സഭയുടെ വിഭാഗീയ ശ്രമങ്ങള്‍ക്ക് തിരിച്ചടി; മുസ്‌ലിം സംഘടനകളുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് കത്തോലിക്കാ യുവജന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്തുണയുമായി മുസ്‌ലിം സംഘടനകള്‍' എന്നാണ് വ്യാജവാര്‍ത്തയുടെ തലക്കെട്ട്.

കത്തോലിക്കാ സഭയുടേത് അടക്കം പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാജ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ വാര്‍ത്തയുടെ ലിങ്കോ ഹെഡിങ്ങില്‍ പറയുന്ന ഇത്തരമൊരു ഫേസ്ബുക്ക് പോസ്‌റ്റോ നിലവിലില്ലാത്തതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തോലിക്ക യുവജന സംഘടനയും ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യം നിഷേധിക്കുന്നു. തേജസ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഹെഡിങ്ങിന് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടോ ശൈലിയോ തേജസിന്റേതുമല്ല. അതുകൊണ്ടുതന്നെ ഇത് വ്യാജമായുണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Tags: