എസ് ഡിപിഐ പിന്തുണയില്‍ ബിജെപിക്ക് ഭരണമെന്ന് വ്യാജവാര്‍ത്ത; ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ്

Update: 2020-12-30 09:20 GMT

തിരുവനന്തപുരം: എസ് ഡിപിഐ പിന്തുണയോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചെന്ന് ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത. പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് അധ്യക്ഷരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്ന ഉടനെയാണ് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ കരവാരം പഞ്ചായത്തില്‍ എസ് ഡിപിഐ പിന്തുണയോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചതെന്ന് വ്യാജ വാര്‍ത്ത നല്‍കിയത്. അതിവിചിത്രമായ തിരഞ്ഞെടുപ്പ് സഖ്യം എന്നു വിശേഷിപ്പിച്ചാണ് ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസ് വ്യാജ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി പേര്‍ സത്യാവസ്ത അറിയാന്‍ സ്ഥാപനത്തെ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍, തെറ്റായി വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് തിരുത്ത് നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നു എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയും ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ, വാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്യുകയായിരുന്നു.

   

Full View

കരവാരം പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റുകളില്‍ ബിജെപിക്ക് ഒമ്പതും എല്‍ഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. എസ് ഡിപിഐയ്ക്കും യുഡിഎഫിനും ഇവിടെ രണ്ടുവീതം സീറ്റുകള്‍ ലഭിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ എല്‍ഡിഎഫിനാണ് എസ് ഡിപി ഐയുടെ രണ്ട് അംഗങ്ങളും വോട്ട് ചെയ്തത്. യുഡിഎഫിന്റെ രണ്ടു വോട്ട് കൂടി എല്‍ഡിഎഫിനു ലഭിച്ചാല്‍ ബിജെപിക്കെതിരേ തുല്യതയിലെത്തും. എന്നാല്‍, യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ എസ് ഡിപി ഐയുടെ രണ്ടു വോട്ട് ഉള്‍പ്പെടെ എല്‍ഡിഎഫിന് ഏഴും ബിജെപിക്ക് ഒമ്പതും വോട്ടുകള്‍ ലഭിച്ചു. ഇത്തരത്തില്‍ ബിജെപി അധികാരത്തിലെത്തിയതിനെയാണ് എസ്ഡിപി ഐ പിന്തുണയെന്നു ദുര്‍വ്യാഖ്യാനം ചെയ്തത്. ഖേദപ്രകടനം നടത്തിയതോടെ, ഏഷ്യാനെറ്റ് ഓഫിസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് എസ് ഡിപി ഐ പിന്‍വലിച്ചു.

Fake news as BJP is ruling with SDPI support; Asianet regrets

Tags: