ജയ്പൂര്‍: രാജസ്ഥനിലെ ജയ്പൂരില്‍ നിന്ന് 3.73 കോടി രൂപയുടെ വ്യാജ മരുന്നുകള്‍ ഭക്ഷ്യ സുരക്ഷാ, മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഇന്നലെ രാത്രി ഏറെ വൈകി നടത്തിയ ഓപ്പറേഷനിലാണ് പിടിച്ചെടുത്തത്.ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന ജികെ എന്റര്‍പ്രൈസസില്‍ നിന്നാണ് വ്യാജ മരുന്ന് പിടിച്ചെടുത്തതെന്ന് രാജസ്ഥാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി. ശുഭമംഗള അറിയിച്ചു. രാജസ്ഥാന്‍ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് വകുപ്പ് സംസ്ഥാനത്തെ വ്യാജ മരുന്ന് നിര്‍മാണത്തിനും വിതരണത്തിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അലര്‍ജിക്ക് ഉപയോഗിക്കുന്ന വിന്‍സെറ്റ്-എല്‍, ആല്‍ഗിവിന്‍-എം ടാബ്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വില്‍പ്പനയില്‍ ജികെ എന്റര്‍പ്രൈസ് കമ്പനി പങ്കാളിയാണെന്ന് കണ്ടെത്തിയതായി ഡ്രഗ് കണ്‍ട്രോളര്‍ അജയ് പഥക് പറഞ്ഞു. എന്നാല്‍ പരിശോധനയ്ക്കിടെ കമ്പനി പങ്കാളിയായ ഗിരിരാജ് 2019 ല്‍ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറിയതായി ഡ്രഗ് കണ്‍ട്രോള്‍ ഓഫിസര്‍ (ഡിസിഒ) കോമള്‍ രൂപ് ചന്ദാനി സ്ഥിരീകരിച്ചു.
1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്സ് ആക്ട്, 1945 ലെ നിയമങ്ങള്‍ എന്നിവ പ്രകാരം പങ്കാളത്തില്‍ മാറ്റങ്ങള്‍ വന്നാല്‍ പുതിയ ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ശേഷിക്കുന്ന പങ്കാളിയായ ഖേംചന്ദ് നിര്‍ബന്ധിത ലൈസന്‍സ് നേടാതെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായണ് റിപോര്‍ട്ട്.
കണ്ടെത്തലുകളെത്തുടര്‍ന്ന് അനുമതിയില്ലാതെ ഫാര്‍മസ്യൂട്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖേംചന്ദിനെതിരെ ഡിസിഒമാരായ കോമള്‍ രൂപ് ചന്ദാനിയും അശോക് കുമാര്‍ മീണയും കേസ് രജിസ്റ്റര്‍ ചെയ്തു. നിയമനടപടികളും കൂടുതല്‍ അന്വേഷണവും നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
