വ്യാജരേഖ ചമച്ചെന്ന്; പി കെ ഫിറോസിനെതിരേ പോലിസ് അന്വേഷണം
എംഎല്‍എയുടെ പരാതി തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് കൈമാറി. പി കെ ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഫിറോസിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് ജെയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതിയും നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കിയിരുന്നത്.
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് ജയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരേ പോലിസ് അന്വേഷണം. എംഎല്‍എയുടെ പരാതി തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് കൈമാറി. പി കെ ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഫിറോസിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് ജെയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതിയും നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കിയിരുന്നത്.
അതേസമയം, സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ബന്ധു സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിനെതിരേ ജയിംസ് മാത്യു മന്ത്രി എ സി മൊയ്തീന് അയച്ചതെന്ന് അവകാശപ്പെട്ടാണ് ഫിറോസ് കത്ത് പുറത്തുവിട്ടത്. ബന്ധുനിയമന വിവാദത്തില്‍പെട്ട കെ ടി ജലീല്‍ ഈ നിയമനത്തെ മുന്‍നിര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഫിറോസ് ആരോപിച്ചിരുന്നു.
അതേസമയം, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി 9 പേജുള്ള കത്ത്് നല്‍കിയിരുന്നതായി ജയിംസ് മാത്യു സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ആ കത്തില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയതെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. അതേസമയം, ആരോപണങ്ങളെ ഫിറോസ് തള്ളിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ മന്ത്രിക്ക് നല്‍കിയ കത്ത് പൂര്‍ണമായി ജയിംസ് മാത്യു പുറത്തുവിടട്ടെയെന്നായിരുന്നു ഫിറോസിന്റെ വെല്ലുവിളി.
