വയനാട്ടിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: സമഗ്രാന്വേഷണം വേണം; എസ്ഡിപിഐ

മുമ്പ് വാളയാര്‍ കേസ് സജീവ ചര്‍ച്ചയായിരുന്നപ്പോഴാണ് അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം.

Update: 2020-11-03 09:53 GMT
വയനാട്ടിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: സമഗ്രാന്വേഷണം വേണം; എസ്ഡിപിഐ

തിരുവനന്തപുരം: വയനാട്ടില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. സംഭവത്തെക്കുറിച്ച് പോലിസ് ഭാഷ്യം മാത്രമാണ് പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുനിര്‍ത്തുന്നത് ഇതു സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇടതു സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ആവര്‍ത്തിക്കുകയാണ്.

സ്വര്‍ണ കള്ളക്കടത്ത് കേസിലുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് വയനാട്ടില്‍ ഏറ്റുമുട്ടല്‍ കൊല നടന്നിരിക്കുന്നത്. ഇതോടെ മാവോവാദി ഭീഷണി ചൂണ്ടിക്കാട്ടി ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുമ്പ് വാളയാര്‍ കേസ് സജീവ ചര്‍ച്ചയായിരുന്നപ്പോഴാണ് അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ടപ്പോഴും തങ്ങള്‍ക്കെതിരേ വെടിവെച്ചതിനെത്തുടര്‍ന്നാണ് തിരിച്ചുവെടിവച്ചതെന്നായിരുന്നു പോലിസ് വാദം. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലിസ് ഉപയോഗിക്കുന്ന സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നു പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതോടെ പോലിസ് ഭാഷ്യം പൊളിയുകയായിരുന്നു.

വിചാരണയില്ലാതെ വിധി നടപ്പാക്കുന്നതിനെ ന്യായീകരിക്കാനാവില്ല. അത് കൊലപാതകം തന്നെയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കു ശേഷം പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ വെറും പ്രഹസനമായി മാറുകയാണെന്നും കുറ്റക്കാര്‍ രക്ഷപ്പെടുന്നതാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.