യുപിയില്‍ ചാണകം കലര്‍ന്ന മല്ലിപ്പൊടിയും മുളകുപൊടിയും; ഹിന്ദു യുവവാഹിനി നേതാവ് അറസ്റ്റില്‍

Update: 2020-12-16 12:09 GMT

ആഗ്ര: യുപിയില്‍ ചാണകം കലര്‍ന്ന മസാലക്കൂട്ടുകള്‍ പിടിക്കൂടി. ഹാഥ്‌റസിലെ നവിനഗര്‍ പ്രദേശത്തുള്ള ഫാക്ടറിയില്‍ നിന്നാണ് അധികൃതര്‍ മായം കലര്‍ത്തിയ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല തുടങ്ങി 300 കിലോഗ്രാം മായം ചേര്‍ത്ത മസാലക്കൂട്ടുകള്‍ പിടികൂടിയത്. സംഭവുമായി ബന്ധപെട്ട് യോഗി ആദിത്യനാഥ് 2002 ല്‍ സ്ഥാപിച്ച യുവസംഘടനയായ ഹിന്ദു യുവ വാഹിനിയുടെ 'മണ്ഡല്‍ സാഹ പ്രഭി' ഉടമ അനൂപ് വര്‍ഷ്‌നിയെ പോലിസ് അറസ്റ്റ് ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യ്തു.

ലോക്കല്‍ ബ്രാന്‍ഡുകളുടെ പേരിലാണ് വില്‍പന നടത്തിയത്. ഈ പൊടികളില്‍ ചേര്‍ക്കുന്ന കഴുതച്ചാണകം, വൈക്കോല്‍, ആസിഡ്, കടുത്ത നിറങ്ങള്‍, എന്നിങ്ങനെ പലയിനം മായക്കൂട്ടുകളും റെയ്ഡിനിടെ അധികൃതര്‍ പിടിച്ചെടുത്തു. വ്യാജ സുഗന്ധവ്യഞ്ജനങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച നിരവധി വ്യാജ ചേരുവകള്‍ കണ്ടെത്തിയതായും ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീന പറഞ്ഞു.

ഫാക്ടറിയില്‍ നിന്നും ശേഖരിച്ച 27 സാംപിളുകള്‍ പൊലീസ് വിശദമായ പരിശോധനയ്ക്ക് ഹെല്‍ത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. അറസ്റ്റു ചെയ്ത ഫാക്ടറിയുടമയെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്ക് മാറ്റി. അതേസമയം വ്യാജ സുഗന്ധവ്യഞ്ജനങ്ങള്‍ ഉണ്ടാക്കുന്നതിനായി യൂണിറ്റില്‍ തയ്യാറാക്കിയ ചേരുവകള്‍ നഗരത്തിലെ മറ്റ് യൂണിറ്റുകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പനങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.