'ലക്ഷദ്വീപില്‍നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല, ചേര്‍ത്ത് നിര്‍ത്താം അവര്‍ക്കായി പ്രതികരിക്കാം'; ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സലീം കുമാര്‍

പ്രഭാതത്തില്‍ അവര്‍ എന്നെ തേടിവന്നെങ്കില്‍ രാത്രി നിങ്ങളെയും തേടിയെത്തും ജാഗ്രതൈ എന്ന് ഓര്‍മിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Update: 2021-05-24 15:06 GMT

കോഴിക്കോട്: സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വന്‍ പ്രതിഷേധമുയര്‍ത്തി മുന്നോട്ട് പോവുകയാണ് ലക്ഷദ്വീപ് ജനത. അതിനെ പിന്തുണച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ലക്ഷദ്വീപിന് പിന്തുണയര്‍പ്പിച്ച് നടന്‍ സലീം കുമാറാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്.

'സേവ് ലക്ഷദ്വീപ്' എന്ന ചിത്രത്തിനൊപ്പമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ലക്ഷദ്വീപ് ജനതയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്. 'അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു, താന്‍ ഭയപ്പെട്ടില്ല, കാരണം താനൊരു സോഷ്യലിസ്റ്റ് അല്ല. പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു, അപ്പോഴും താന്‍ ഭയപ്പെട്ടില്ല, കാരണം താനൊരു തൊഴിലാളി അല്ല. പിന്നീടവര്‍ ജൂതരെ തേടി വന്നു. അപ്പോഴും താന്‍ ഭയപ്പെട്ടില്ല, കാരണം താനൊരു ജൂതനായിരുന്നില്ല. ഒടുവില്‍ അവര്‍ തന്നെ തേടി വന്നു.അപ്പോള്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.' എന്ന പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്ത വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ദ്വീപിന് പിന്തുണ അര്‍പ്പിച്ചത്. ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും താരം ചൂണ്ടിക്കാട്ടുന്നു.

ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മുടെ കടമയാണെന്നും ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല. പ്രഭാതത്തില്‍ അവര്‍ എന്നെ തേടിവന്നെങ്കില്‍ രാത്രി നിങ്ങളെയും തേടിയെത്തും ജാഗ്രതൈ എന്ന് ഓര്‍മിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ, ലോക്‌സഭാ എംപിമാര്‍, സിനിമാ താരങ്ങളായ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, അന്‍സിബ, ഷെയ്ന്‍ നിഗം,ഫുട്‌ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

"അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,

ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.

പിന്നീടവർ തൊഴിലാളികളെ തേടി വന്നു

അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,

കാരണം ഞാനൊരു തൊഴിലാളി അല്ല.

പിന്നീടവർ ജൂതൻമാരെ തേടി വന്നു.

അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു.

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല."

- ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.

ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക.

If they come for me in the morning, they will come for you in the night. Be careful.


Full View


Tags:    

Similar News