ഇത് അധപതനം, ഏകാധിപത്യം; കശ്മീര്‍ വിഷയത്തില്‍ എതിര്‍പ്പുമായി കമല്‍ഹാസന്‍

ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാട്ടി.

Update: 2019-08-05 18:40 GMT

ചെന്നൈ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ശക്തമായ പ്രതിഷേധവുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനും.ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും ഇതു സമ്പൂര്‍ണമായ അധപതനമാണെന്നും കമല്‍ തുറന്നടിച്ചു. ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തോട് ആലോചിക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയുമാണ് തീരുമാനമെടുത്തത്.പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നിശബ്ദമാക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 61 പേര്‍ എതിര്‍ത്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയുന്ന പ്രമേയവും രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍ പ്രമേയം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു തള്ളി. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പദവി സ്ഥിരമായിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന നില മെച്ചപ്പെട്ടാല്‍ ജമ്മു കശ്മീര്‍ പഴയതുപോലെ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Tags: