ആള്‍ക്കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിക്ക് കത്ത്: ദലിത് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി പിന്‍വലിച്ചു
സംഭവം വിവാദമായതിനെത്തുടര്‍ന്ന് വര്‍ധ ജില്ലാ കലക്ടറാണ് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് സര്‍വകലാശാല തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായത്. മാതൃകാ പെരുമാറ്റച്ചട്ടം ഉപയോഗിച്ച് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സര്‍വകലാശാലയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് വര്‍ധ കലക്ടര്‍ വിവേക് ഭീമാന്‍വാര്‍ പറഞ്ഞു.
മുംബൈ: കശ്മീര്‍, ആള്‍ക്കൂട്ടക്കൊല വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി സര്‍വകലാശാല പിന്‍വലിച്ചു. മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എംജിഎഎച്ച്‌വി)യിലെ ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സാരഥി, രജനീഷ് അംബേദ്കര്‍, പങ്കജ് ദേല്‍, വൈഷ്ണവ് എന്നിവരെയാണ് സര്‍വകലാശാല പുറത്താക്കിയിരുന്നത്. ദലിത്, പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയാണ് പുറത്താക്കിയിരുന്നത്. ഒക്ടോബര്‍ 21ന് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കത്തെഴുതി പ്രതിഷേധിച്ചവരെ പുറത്താക്കിയതിന് ന്യായീകരണമായി സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് വര്‍ധ ജില്ലാ കലക്ടറാണ് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് സര്‍വകലാശാല തീരുമാനം പിന്‍വലിക്കാനും വിദ്യാര്‍ഥികളെ തിരിച്ചെടുക്കാനും തയ്യാറായത്. മാതൃകാ പെരുമാറ്റച്ചട്ടം ഉപയോഗിച്ച് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സര്‍വകലാശാലയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് വര്‍ധ കലക്ടര്‍ വിവേക് ഭീമാന്‍വാര്‍ പറഞ്ഞു. സര്‍വകലാശാലയുടെ ചട്ടങ്ങള്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, മാതൃകാ പെരുമാറ്റച്ചട്ടം ഉദ്ധരിക്കുന്നത് ശരിയല്ല. മാകൃതാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് അധികാരപ്പെട്ടത് ജില്ലാ കലക്ടറാണ്.
എന്നാല്‍, തങ്ങള്‍ കാംപസിലെ പ്രവര്‍ത്തനത്തിന് യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളെ പുറത്താക്കിയ സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര യൂനിറ്റ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതിയും നല്‍കിയിരുന്നു. സര്‍വകലാശാലയുടെ നടപടി പക്ഷപാതപരമാണെന്നും സ്ഥാപനം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
ആള്‍ക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, കശ്മീര്‍ വിഷയം, ബലാല്‍സംഗക്കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 9നാണ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധിക്കാനുള്ള വിദ്യാര്‍ഥികളുടെ തീരുമാനമറിഞ്ഞപ്പോള്‍ തന്നെ സര്‍വകലാശാല അധികൃതര്‍ എതിര്‍പ്പുമായെത്തിയിരുന്നു. തുടര്‍ന്ന് കോളജില്‍ കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ഥികള്‍ ഗാന്ധി ഹാളില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിരുന്നു. ഇതുകാരണം വിദ്യാര്‍ഥികള്‍ ഗാന്ധി ഹാളിന്റെ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി മുദ്രാവാക്യം വിളിച്ച് പിരിയുകയായിരുന്നു.

