കണ്ണൂര്‍ മട്ടനൂരില്‍ വീട്ടിനുളളില്‍ സ്‌ഫോടനം; സിപിഎം പ്രവര്‍ത്തകന് പരിക്ക്
പ്രദേശത്ത് മുമ്പും സ്‌ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീട്ടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. നിടിയാഞ്ഞിരം വേളപ്പൊയിലെ രാജേഷിനാണ് പരിക്കേറ്റത്. വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ പോലിസ് എത്തി അന്വേഷണം തുടങ്ങി.
സിപിഎം പ്രവര്‍ത്തകനായ രാജേഷ് നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍യിലാണ്. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ഇതിനിടെ, സ്‌ഫോടനം നടന്ന സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീന്‍ പാച്ചേനിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് തടഞ്ഞത്. സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനം പന്നി പടക്കം പൊട്ടിത്തെറിച്ചതാണെന്ന് വരുത്തി തീര്‍ക്കാനാണ് പോലിസ് ശ്രമമെന്നും സതീശന്‍ പാച്ചേനി ആരോപിച്ചു.