കറാച്ചിയില്‍ സ്‌ഫോടനം; 12 മരണം, നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2021-12-18 13:19 GMT

ഇസ്‌ലാമാബാദ്: പാകിസ്താന്‍ സിന്ധ് പ്രവശ്യയിലെ തുറമുഖ നഗരമായ കറാച്ചിക്ക് സമീപം ഷേര്‍ഷ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ഒരു ബാങ്ക് കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വീഡിയോയില്‍ രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും പൊട്ടിത്തെറിച്ചുകിടക്കുതായി കാണാം. രേഖകള്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നു.

പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പോലിസും രക്ഷാപ്രവര്‍ത്തകരും പരിശോധിച്ച് വരികയാണ്.

ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡ് പരിശോധന നടത്തുകയാണെന്ന് പ്രവിശ്യാ പോലിസ് എഎഫ്പിയോട് പറഞ്ഞു. 'പ്രത്യക്ഷത്തില്‍ വാതക ചോര്‍ച്ചയാണ് കാരണമെന്നാണ് കരുതുന്നതെന്ന് പോലിസ് പറയുന്നു. 12 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 13 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണെന്നും പോലിസ് പറഞ്ഞു.

Tags: